ഗോത്രവര്‍ഗ കമ്മിഷന്‍ അദാലത്ത്; 58 കേസുകള്‍ തീര്‍പ്പാക്കി
കല്‍പ്പറ്റ: സംസ്ഥാന പട്ടികജാതിപട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജിയുടെ നേതൃത്ത്വത്തില്‍ കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടന്ന അദാലത്തില്‍ 58 കേസുകള്‍ തീര്‍പ്പാക്കി. ആകെ 69 കേസുകളാണ് കമ്മീഷന്റെ പരിഗണനയ്ക്കു വന്നത്. പുതുതായി 45 പരാതികള്‍ ലഭിച്ചു.
പുതിയതായി ലഭിച്ച പരാതികള്‍ പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നു റിപ്പോര്‍ട്ട് തേടി നടപടികള്‍ സ്വീകരിക്കുമെന്നു കമ്മീഷന്‍ അധ്യക്ഷന്‍ പറഞ്ഞു. പൊലിസിനെതിരേ 13 പരാതികള്‍ ലഭിച്ചു. ആദിവാസികള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതുമായി ബന്ധപ്പെട്ട പരാതികളായിരുന്നു ഏറെയും. ഭൂമി വാങ്ങി നല്‍കുന്നതില്‍ ഉയര്‍ന്ന ക്രമക്കേടുകളെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് വിശദീകരണം തേടും. ഇത്തരം കേസുകളില്‍ വിജിലന്‍സ് അന്വേഷണത്തിന് കമ്മീഷന്‍ ഉത്തരവിട്ടു. തൃക്കൈപ്പറ്റ നെല്ലിമാളത്ത് അന്യമതസ്ഥയായ യുവതിയെ വിവാഹം കഴിച്ച ആദിവാസി യുവാവിനെ മതംമാറാന്‍ പ്രേരിപ്പിച്ച് മര്‍ദിച്ച സംഭവവും കമ്മീഷന്റെ മുമ്പാകെ വന്നു.
ഈ കേസില്‍ പൊലിസിനെതിരെ പരാതിയുണ്ട്. പരാതിക്കാരനായ യുവാവിനെതിരെ കേസെടുത്ത് ജയിലിലടച്ച സംഭവത്തില്‍ പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം ഡി.ജി.പിയോട് അന്വേഷിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെടും. സഹകരണ ബാങ്കുകളില്‍ സംവരണം നടപ്പാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞുവെക്കാന്‍ കമ്മീഷന്‍ നിര്‍ദേശിക്കും.
ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ കമ്മീഷന്‍ സംതൃപ്തി പ്രകടിപ്പിച്ചു. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി പൊലിസ്, എക്‌സൈസ് വകുപ്പുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദിവാസി യുവാക്കള്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ ജാമ്യം നില്‍ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാന്‍ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.
ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമിനും മറ്റുമായി വരുന്ന ചെലവുകള്‍ ഗ്രാന്റായി നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് നിര്‍ദേശം നല്‍കിയതായും കമ്മിഷന്‍ അറിയിച്ചു. ഇതിനാവശ്യമായ തുക ഇതര ഫണ്ടുകളില്‍ നിന്നു വിനിയോഗിക്കാം. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ കമ്മീഷന്‍ പ്രത്യേക ഉത്തരവ് നല്‍കുമെന്നും കമ്മീഷന്‍ അറിയിച്ചു.
മൂന്നു ബെഞ്ചുകളിലായാണ് കമ്മീഷന്‍ കേസുകള്‍ പരിഗണിച്ചത്. കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ബി.എസ് സിജ, എസ് അജയകുമാര്‍ എന്നിവര്‍ പരാതികള്‍ കൈകാര്യം ചെയ്തു.
ആദിവാസികള്‍ക്ക് ഭൂമി വാങ്ങുന്നതില്‍ ഉയര്‍ന്ന അഴിമതിയാരോപണവും ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കും സംബന്ധിച്ച് കമ്മിഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് ആദ്യം പരിഗണിച്ചത്. സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, എ.ഡി.എം കെ.എം രാജു, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."