ജില്ലയിലെ പള്ളി-ക്ഷേത്രക്കുളങ്ങള്‍ ശുചിയാക്കി സംരക്ഷിക്കുന്നു
കോഴിക്കോട്: ജില്ലയിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ 'ജീവജലം' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ക്ഷേത്രക്കുളങ്ങള്‍ ശുചീകരിച്ച് സംരക്ഷിക്കുന്നു. ഓരോ വിദ്യാലയവും ഒരു ജലാശയം തിരഞ്ഞെടുത്ത് ശുചീകരിച്ച് സംരക്ഷിക്കുന്ന പദ്ധതിക്ക് നേരത്തെ തുടക്കമിട്ടിരുന്നു. കഴിഞ്ഞദിവസം ജില്ലയിലെ ക്ഷേത്രക്കുളങ്ങള്‍ ശുചീകരിച്ചു സംരക്ഷിക്കാന്‍ ക്ഷേത്ര കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മിഷണര്‍ പി. ശ്രീധരന് സേവ് പ്രതിനിധികള്‍ നിവേദനം നല്‍കി.
വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇ.കെ സുരേഷ് കുമാര്‍, പ്രൊഫ. ശോഭീന്ദ്രന്‍, സേവ് ജില്ലാ കോഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍, അബ്ദുല്ല സല്‍മാന്‍, കെ.കെ രവീന്ദ്രന്‍ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു. ജില്ലയിലെ ക്ഷേത്രക്കുളങ്ങള്‍ ശുചീകരിച്ച് സംരക്ഷിക്കാന്‍ സേവ് നടത്തുന്ന യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം മെയ് ഒന്നിന് രാവിലെ എട്ടിന് കുറ്റ്യാടിക്കടുത്തുള്ള ദേവര്‍കോവില്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ കുളം ശുചീകരിച്ചു കൊണ്ട് നിര്‍വഹിക്കും.
പള്ളിക്കുളങ്ങള്‍ ശുചീകരിച്ച് സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പള്ളികളോട് അനുബന്ധിച്ചുള്ള കുളങ്ങള്‍ ശുചീകരിച്ച് സംരക്ഷിക്കാന്‍ പള്ളി കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിനിധികള്‍ കോഴിക്കോട് ഖാസി കെ.വി ഇമ്പിച്ചമ്മദിനും നിവേദനം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."