സമസ്ത കേന്ദ്ര മുശാവറ അംഗം ടി.പി ഇപ്പ മുസ്‌ലിയാര്‍ വഫാത്തായി
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവും കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സ് പ്രിന്‍സിപ്പളുമായ മലപ്പുറം കൂട്ടിലങ്ങാടി-കടുപ്പുറം മഹല്ല് ഖാസി ഉസ്താദ് ടി.പി ഇപ്പ മുസ്‌ലിയാര്‍ വഫാത്തായി. കാച്ചിനിക്കാട് ആണ് സ്വദേശം.
ദീര്‍ഘകാലമായി അദ്ദേഹം കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സിലെ പ്രിന്‍സിപ്പാളായി സേവനം ചെയ്തുവരികയായിരുന്നു. മലപ്പുറത്തും സമീപപ്രദേശങ്ങളിലും ദീനീരംഗത്തെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ഇപ്പമുസ്‌ലിയാര്‍ എന്ന നാമത്തില്‍ മുസ്‌ലിം കൈരളിക്ക് സുപരിചിതനാണ് മുഹമ്മദ് മുസ്‌ലിയാര്‍. കാച്ചിനിക്കാട് പ്രദേശത്ത് മായിന്‍കുട്ടിയുടെയും മാതാവ് പാത്തുകുട്ടിയുടെയും മകനായി 1949 ജനുവരി ഒന്നിനാണ് മഹാനവര്‍കള്‍ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം നേടിയത് സ്വദേശത്ത് നിന്ന് തന്നെയാണ്. കാച്ചിനിക്കാട് എല്‍.പി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വരെ പഠനം. സ്‌കൂള്‍ പഠനത്തോടൊപ്പം ദര്‍സ് പഠനവും നടത്തി. ആനമക്കാട് കുഞ്ഞീന്‍ മുസ്‌ലിയാര്‍ ആയിരുന്നു ആദ്യ ഗുരു. തുടര്‍ന്ന് മുല്ലപ്പള്ളി മീനാര്‍ കുഴിയില്‍, മറ്റത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കൈപ്പറ്റ മുഹമ്മദ് മുസ്‌ലിയാരുടെ അടുക്കല്‍ വച്ചും പെരിമ്പലത്ത് വെച്ച് എ.പി മെയ്തീന്‍ കുട്ടി മുസ്‌ലിയാരുടെ അടുക്കല്‍ വച്ചും അറിവ് സമ്പാദിച്ചു. പെരിമ്പലത്ത് നാലു വര്‍ഷമാണ് ഓതിയത്. തുടര്‍ന്ന് ഉന്നതപഠനത്തിനു വേണ്ടി പട്ടിക്കാട് ജാമിഅഃ നൂരിയ്യയിലെത്തി. 1969ല്‍ ഫസ്റ്റ് റാങ്കോടെ ഫൈസി ബിരുദം കരസ്ഥമാക്കി.
കണ്ണിയ്യത്ത് ഉസ്താദ്, ശംസുല്‍ ഉലമാ, കോട്ടുമല ഉസ്താദ്, കെ.സി ജമാലുദ്ധീന്‍ മുസ്‌ലിയാര്‍, വെല്ലൂരുലെ അബൂബക്കര്‍ ഹസ്രത്ത് എന്നിവരാണ് ജാമിഅയിലെ ഗുരുനാഥന്‍മാര്‍. അന്ന് ജാമിഅയില്‍ ഉറുദു, ഇംഗ്ലീഷ് ഭാഷകള്‍ പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്നത് കെ.പി ഉസ്മാന്‍ സാഹിബായിരുന്നു. മഹാനില്‍ നിന്നും ഉറുദു, ഇംഗ്ലീഷ് ഭാഷകള്‍ വശമാക്കി. കണ്ണിയത്തുസ്താദിന്റെ ക്ലാസില്‍ അബൂദാവൂദ് സ്ഥിരമായി വായിച്ച് കൊടുത്തിരുന്നത് ഇദ്ദേഹമായിരുന്നു. അത് കൊണ്ടുതന്നെ കാച്ചിനിക്കാട് (സ്ഥലനാമം) എന്ന പേരിലായിരുന്നു മഹാനെ ഉസ്താദ് അഭിസംബോധനം ചെയ്തിരുന്നത്.
പഠന ശേഷം കടുപുറം എന്ന സ്ഥലത്ത് 25 കുട്ടികളുമായാണ് ആദ്യമായി ദര്‍സ് തുടങ്ങുന്നത്. കണ്ണിയത്തുസ്താദ്, ശംസുല്‍ ഉലമ, പൂക്കോയ തങ്ങള്‍ എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു ഇപ്പമുസ്‌ലിയാര്‍ക്ക്. 2008 ലാണ് മുശാവറ മെംബറായി തെരഞ്ഞെടുക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."