വിദ്യാര്‍ഥികളെ കുത്തിനിറച്ച് ഓട്ടോകളും സ്‌കൂള്‍ വാഹനങ്ങളും; നടപടിയില്ലെന്ന് ആക്ഷേപം
തൊടുപുഴ: വിദ്യാര്‍ഥികളെ കുത്തിനിറച്ച് ഓട്ടോറിക്ഷകളും മറ്റു സമാന്തര സ്‌കൂള്‍ വാഹനങ്ങളും പായുമ്പോഴും ഇത്തരം നിയമലംഘനങ്ങള്‍ തടയുന്നതിനു നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപം. വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണു പല വാഹനങ്ങളും നിരത്തിലിറങ്ങുന്നത്. ഓട്ടോറിക്ഷകളാണ് ഇത്തരത്തില്‍ സര്‍വിസ് നടത്തുന്നതിലേറെയും.
ഇതിനുപുറമേ മിനി വാനുകളിലും ജീപ്പുകളിലും മറ്റും വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ കുട്ടികളെ കൊണ്ടുപോകുന്നതു പതിവുകാഴ്ചയായി മാറിയിട്ടുണ്ട്. പത്തിലധികം കുട്ടികളുമായാണു രാവിലെയും വൈകിട്ടും ചില ഓട്ടോറിക്ഷകള്‍ പായുന്നത്. ഡ്രൈവറുടെ സീറ്റില്‍ വരെ കുട്ടികളെ ഇരുത്തിക്കൊണ്ടും പിന്നില്‍ കൊച്ചുകുട്ടികളെ നിര്‍ത്തിയും കൊണ്ടുപോകുന്നുണ്ട്. ഇത്തരം വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ മാത്രമാണ് ഉണ്ടാകുക.
പിന്നിലെ സീറ്റില്‍ ഇരിക്കുന്ന വിദ്യാര്‍ഥികള്‍ പുറത്തേക്കു കൈയോ തലയോ ഇട്ടാല്‍ പോലും ഡ്രൈവര്‍മാര്‍ അറിയാറില്ല. ഇത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. പല വാഹനങ്ങളും അമിതവേഗത്തിലാണു സഞ്ചരിക്കുന്നതും. സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്താത്തതും കുറവുള്ളതുമായ പ്രദേശങ്ങളില്‍ നിന്നുള്ളവരാണു കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കാന്‍ പ്രധാനമായും ഇത്തരം വാഹനങ്ങളെ ആശ്രയിക്കുന്നത്. സ്വകാര്യ ബസുകളിലെ തിക്കുംതിരക്കും കണക്കിലെടുത്തു കുട്ടികളെ ഓട്ടോറിക്ഷകളിലും മറ്റും അയക്കുന്ന രക്ഷിതാക്കളുമുണ്ട്.
എന്നാല്‍ ലാഭം നോക്കി ഒറ്റ ട്രിപ്പില്‍ പരമാവധി കുട്ടികളെ കുത്തിനിറയ്ക്കുകയാണു ചില ഡ്രൈവര്‍മാര്‍. ചില സ്‌കൂള്‍ ബസുകളും മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു കുട്ടികളെ കൊണ്ടുപോകുന്നതെന്നു പരാതിയുണ്ട്. പല സ്‌കൂള്‍ ബസുകളിലും സീറ്റിങ് കപ്പാസിറ്റിക്കു മുകളിലാണു വിദ്യാര്‍ഥികളുടെ എണ്ണം. ഇതിനെതിരെ പ്രതികരിക്കാന്‍ രക്ഷിതാക്കള്‍പോലും തയാറാകുന്നില്ല. മറ്റു സ്ഥലങ്ങളില്‍ നിന്നു സ്‌കൂള്‍ വിദ്യാര്‍ഥികളുമായും മറ്റും നഗരത്തിലെത്തുന്ന ചില ഓട്ടോറിക്ഷകള്‍ വൈകിട്ടു വരെ നഗരത്തിലൂടെ അനധികൃതമായി സര്‍വീസ് നടത്തുന്നതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."