ഗള്‍ഫും നിശ്ചലം: സഊദിയില്‍ നിശാനിയമം, വിമാന സര്‍വീസുകള്‍ നിര്‍ത്തി യു.എ.ഇ, ബഹ്റൈനില്‍ കടകള്‍ അടച്ചിടും
ജിദ്ദ: കൊവിഡ്- 19 ബാധയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളും കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനാലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത്. സഊദിയില്‍ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് സല്‍മാന്‍ രാജാവ് ഇന്നലെ പുറപ്പെടുവിച്ചു. വൈകുന്നേരം ഏഴ് മുതൽ പുലർച്ചെ ആറ് വരെ ജനങ്ങൾ പുറത്തിറങ്ങുന്നതിന് കർശന നിയന്ത്രണമുണ്ടാകും. 21 ദിവസം കർഫ്യൂ തുടരും.
ക൪ഫ്യൂ നടപ്പാക്കുന്നതിന് സിവില്‍, സൈനിക വിഭാഗങ്ങള്‍ ആഭ്യന്തര മന്ത്രാലയവുമായി സഹകരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. സുരക്ഷ, സൈനികം, മാധ്യമം, ആരോഗ്യം എന്നിങ്ങനെയുള്ള തന്ത്രപ്രധാന മേഖലകളെ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അത്യാവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് അറിയിപ്പ്. പൊതുജനാരോഗ്യം സംരക്ഷിക്കേണ്ടത് സ്വദേശികളുടെയും പ്രവാസികളുടേയും ബാധ്യതയാണെന്നും മഹാമാരിയുടെ വ്യാപനത്തിന് ആരും കാരണക്കാരാവരുതെന്നും സല്‍മാന്‍ രജാവിന്റെ ഉത്തരവില്‍ പറയുന്നു.
അതേ സമയം യുഎഇ എല്ലാ യാത്രാ വിമാനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി. ചരക്ക് വിമാനങ്ങളും ആളുകളെ അടിയന്തിരമായി ഒഴിപ്പിക്കുന്ന വിമാനങ്ങളും മാത്രമേ അനുവദിക്കൂ. യുഎഇയിലെ വിമാനത്താവളങ്ങളിൽ ഇറങ്ങിയുള്ള ട്രാൻസിറ്റ് യാത്രയും അനുവദിക്കില്ല.
ഇതിനു പുറമേ അത്യാവശ്യാകാര്യങ്ങൾക്കല്ലാതെ ജനം പുറത്തിറങ്ങരുതെന്ന കർശന നിർദ്ദേശവുമുണ്ട്. പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനും ആശുപത്രിയിലേക്കുമല്ലാതെ ആരും പുറത്തിറങ്ങരുത്. അടിയന്തിര സഹചര്യങ്ങളിലല്ലാതെ ആരും ആശുപത്രിയിലേക്ക് വരരത്. ഈ സമയത്ത് മാസ്‌കും കയ്യുറകളും ധരിക്കണം. മുഴുവൻ മാളുകളും ഫ്രഷ് ഫുഡ് മാർക്കറ്റുകളും 48 മണിക്കൂറിനകം അടക്കും. അതേസമയം, ഫാർമസികൾ, ഫുഡ് ഔട്ട്‌ലെറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, ഗ്രോസറി സ്‌റ്റോറുകൾ എന്നിവ തുറക്കും. റസ്‌റ്റോറന്റുകളിൽ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. കാറുകളിൽ ഡ്രൈവറടക്കം മൂന്നു പേരെ മാത്രമേ അനുവദിക്കൂ. മുഴുവൻ പൊതു സ്ഥലങ്ങളും അടച്ചിടും. പൊതുഗതാഗതം അടച്ചിടുന്നതിനെ സംബന്ധിച്ച് പിന്നീട് അറിയിക്കും.
അതിനിടെ സഊദിയിൽ ഇതുവരെ ഇന്നു സഊദിയില്‍ 51 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 25 കേസുകള്‍ സമ്പര്‍ക്കത്തിലൂടെ പടര്‍ന്നതും 26 കേസുകള്‍ വിദേശത്ത് നിന്ന് മടങ്ങിയത്തിയവര്‍ക്കുമാണ്. ഇതോടെ ആകെ അസുഖ ബാധിതരുടെ എണ്ണം 562 ആയി. 19 പേര്‍ ആകെ രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്ന് റിയാദില്‍ മാത്രം 18, മക്കയില്‍ 12, താഇഫില്‍ ആറ്, ബീഷയില്‍ അഞ്ച്, ദമ്മാമില്‍ 3, ഖത്തീഫില്‍ മൂന്ന്, ജിസാനില്‍ 2, നജ്റാനില്‍ 1, ഖുന്‍ഫുദയില്‍ ഒന്ന് എന്നിങ്ങിനെയാണ് പുതുതായി അസുഖം സ്ഥിരീകരിച്ചത്. ഇതോടെ ഗള്‍ഫ് മേഖലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യമായി സഊദി അറേബ്യ മാറി. കൊറോണ വ്യാപനം തടയുന്നതിനായുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നടപടികൾക്ക് പൂർണ പിന്തുണയുമായി സ്വകാര്യ മേഖലയും രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി കൊവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്ത കിഴക്കൻ പ്രവിശ്യയിലും റിയാദിലും സ്വകര്യ ഹോട്ടലുകൾ ക്വാറന്റൈൻ കേന്ദ്രങ്ങളാക്കി മാറ്റാൻ ആരോഗ്യ മന്ത്രാലയത്തിന് വിട്ടുനൽകി. റിയാദിൽ മാത്രം 13 മുന്തിയ ഹോട്ടലുകളാണ് ക്വാറന്റൈൻ കേന്ദ്രങ്ങളാക്കി മാറ്റിയത്. ഇത്തരത്തിൽ മക്കയിലെ ആഡംബര ഹോട്ടലും ആരോഗ്യ മന്ത്രാലയത്തിന് സൗജന്യമായി നൽകിയിട്ടുണ്ട്.
ബഹ്റൈനിലും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങല്‍ വില്‍ക്കുന്ന ഷോപ്പുകള്‍ ഒഴികെ ബാക്കിയെല്ലാ കടകളും മാര്‍ച്ച് 26 മുതല്‍ അടച്ചിടാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റ്, മിനി മാര്‍ക്കറ്റ്, ഫാര്‍മസി, ബേക്കറി, ബാങ്ക് എന്നിവകള്‍ക്ക് മാത്രമാണ് ഇളവ് ഉള്ളതെന്ന് മന്ത്രി സായിദ് അല്‍ സയാനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേര്‍ന്ന് നില്‍ക്കുന്നതിനും നിരോധനം ഉണ്ട്. ബീച്ച്, പാര്‍ക്ക് തുടങ്ങിയ എല്ലാ പൊതുസ്ഥലങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കുമെന്ന് പബ്ലിക് സെക്യൂരിറ്റി തലവന്‍ താരിഖ് അല്‍ ഹസനും അറിയിച്ചു. സ്വകാര്യ കമ്പനികള്‍ തൊഴിലാളികള്‍ക്ക് വീട്ടില്‍ നിന്നും ജോലി ചെയ്യാനുള്ള അവസരം ഒരുക്കണമെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 183 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിപണിയിലെ കരിച്ചന്ത തടയാനായി മാസ്‌കുകളും അണുനശീകരണ ലായനികളും വിൽക്കുന്ന കടകളിലും മൊത്ത വിതര കേന്ദ്രത്തിലും ബന്ധപ്പെട്ട വകുപ്പുകൾ പരിശോധന ശക്തമാക്കി. മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും ഗുണമേന്മയും അധികൃതർ ഉറപ്പുവരുത്തുന്നുണ്ട്. ഹാനികരമായ സാനിറ്റൈസർ വിപണിയിലെത്തിയതിനെതിരെ നൽകിയിട്ടുണ്ട്സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."