കാസര്‍കോട് നഗരത്തില്‍ കുപ്പികളില്‍ നിലവാരമില്ലാത്ത കുടിവെള്ളം
കാസര്‍കോട്: പഴക്കം ചെന്നതും ഗുണനിലവാരമില്ലാത്തതുമായ കുപ്പിവെള്ളം വില്‍പന നടത്തുന്നതിനെതിരേ ആരോഗ്യവിഭാഗം നടപടി ശക്തമാക്കി. ഇതിന്റെ ഭാഗമായി കാസര്‍കോട് നഗരത്തിലെ കടകളില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യാപക റെയ്ഡ് നടത്തി.
ഗുണനിലവാരമില്ലാത്തതെന്നു സംശയിക്കുന്ന കുപ്പിവെള്ളം സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇവ പരിശോധനക്കായി കോഴിക്കോട് ലാബിലേക്ക് അയച്ചു.
ചൊവ്വാഴ്ച വൈകുന്നേരം മുതലാണു ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യാപാര സ്ഥാപനങ്ങളില്‍ ഗുണനിലവാരമില്ലാത്ത കുടിവെള്ളം കണ്ടെത്തുന്നതിനായി പരിശോധന ആരംഭിച്ചത്. റെയ്ഡ് ഇന്നലെ രാവിലെ വീണ്ടും ആരംഭിച്ചു. കാസര്‍കോടെ ഒരു സ്ഥാപനത്തില്‍ നിന്നു പ്രമുഖ കമ്പനിയുടെ കുപ്പിവെള്ളം സംഘം പിടികൂടി.
തിയതിയോ ബാച്ച് നമ്പറോ രേഖപ്പെടുത്തിയിട്ടില്ലാത്ത കുപ്പിവെള്ളമാണു പിടിച്ചെടുത്ത്. ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എസ് ജനാര്‍ദ്ദന്‍, ഭക്ഷ്യ സുരക്ഷാ ഓഫിസര്‍ വി.കെ പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു റെയ്ഡ് നടത്ത ിയത്.
കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്ന കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കുപ്പികളില്‍ ഗുണനിലവാരമില്ലാത്ത വെള്ളം വില്‍പന നടത്തുന്നുവെന്ന പരാതികള്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു ലഭിച്ചിരുന്നു. തുടര്‍ന്നാണ് റെയ്ഡ് ആരംഭിച്ചത്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇത്തരത്തിലുള്ള കുടിവെള്ളം എത്തുന്നതെന്നാണു വിവരം.
കുപ്പിവെള്ളത്തിന്റെ പരിശോധനക്ക് പുറമെ ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന കുടിവെള്ളവും പരിശോധിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."