ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് ചതുര്‍ദിനം ഇന്നുമുതല്‍
കൃഷ്ണഗിരി: ഇന്ത്യ എയും ഇംഗ്ലണ്ട് ലയണ്‍സും തമ്മിലുള്ള ആദ്യ ചതുര്‍ദിന മത്സരം ഇന്നുമുതല്‍ കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ അരങ്ങേറും. ഇത് രണ്ടാം തവണയാണ് കൃഷ്ണഗിരി ഒരു രാജ്യാന്തര മത്സരത്തിന് വേദിയാകുന്നത്.
ദക്ഷിണാഫ്രിക്ക എ ടീമായിരുന്നു മുന്‍പ് കൃഷ്ണഗിരിയിലെത്തിയ വിദേശ ടീം. മത്സരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായ ഗ്രൗണ്ടില്‍ ഇന്നലെ ഇരുടീമുകളും പരിശീലനത്തിനിറങ്ങിയിരുന്നു. ബി.സി.സി.ഐ ക്യൂറേറ്റര്‍ ആശിഷ് ഭൗമികിന്റെ നേതൃത്വത്തിലാണ് പിച്ചൊരുക്കിയിരിക്കുന്നത്. തൊട്ട് മുന്‍പ് നടന്ന രണ്ട് മത്സരങ്ങളിലും തോറ്റ ടീമിലെ താരങ്ങള്‍ പിച്ചിനെ പഴിച്ചായിരുന്നു രക്ഷപ്പെട്ടത്. രഞ്ജി ക്വാര്‍ട്ടറില്‍ ഗുജറാത്ത് കേരളത്തിന് മുന്നില്‍ വീണപ്പോഴും സെമിയില്‍ കേരളം വിദര്‍ഭക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞപ്പോഴും കുറ്റം പിച്ചിനായിരുന്നു. ബൗളിങിനെ സഹായിക്കുന്ന പിച്ചുകളായിരുന്നു ഈ രണ്ട് മത്സരങ്ങള്‍ക്കുമെന്നായിരുന്നു അന്ന് ഉയര്‍ന്നുവന്ന പ്രധാന ആരോപണം. എന്നാല്‍ ഇന്ന് നടക്കുന്ന മത്സരത്തിനായി ബാറ്റിങിനെ അനുകൂലിക്കുന്ന പിച്ചാണ് ഒരുക്കിയതെന്നാണ് സ്‌റ്റേഡിയം അധികൃതര്‍ പറയുന്നത്.
പരിശീലന മത്സരമായതിനാല്‍ താരങ്ങള്‍ക്ക് കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കാനുള്ള അവസരം കൂടി നല്‍കുകയെന്ന ഉദ്ദേശത്തിലാണ് പിച്ചൊരുക്കിയിട്ടുള്ളത്. ക്രിക്കറ്റിലെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യ എയെ നയിക്കുന്നത് അങ്കിത് ഭവാനാണ്. കെ.എല്‍ രാഹുല്‍, വരുണ്‍ ആരോണ്‍, ശഹബാസ് നദീം, ജലജ് സക്‌സേന, പ്രിയങ്ക് പഞ്ചാല്‍, ശര്‍ദുല്‍ താക്കൂര്‍, റിക്കി ഭുയി, ആവേശ് ഖാന്‍, നവദീപ് സൈനി, മായങ്ക് മാര്‍ക്കണ്ഡെ, ശ്രീകര്‍ ഭരത്, സിദ്ധേശ് ലാധ്, അഭിമന്യൂ ഈശ്വരന്‍ എന്നിവരാണ് ടീമില്‍ അണിനിരക്കുന്നത്.
സിംബാബ്‌വെയുടെ എക്കാലത്തെയും മികച്ച വികറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആന്‍ഡി ഫ്‌ളവര്‍ പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട് ലയണ്‍സിനെ 2018ല്‍ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ച പേസ് ബൗളര്‍ ഡൊമനിക് ബെസാണ് നയിക്കുന്നത്. 2015ല്‍ അരങ്ങേറ്റം കുറിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സാം ബില്ലിംഗ്‌സ്, 2016ല്‍ അരങ്ങേറിയ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ ബെന്‍ ഡുക്കറ്റ്, സാക്ക് ചാപ്പല്‍, ലൂയിസ് ഗ്രിഗറി, ഡാനി ബ്രിഗ്‌സ്, സാം ഹൈന്‍, ടോം ബെയ്‌ലി, വില്‍ ജാക്ക്‌സ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള താരങ്ങളാണ് ഇംഗ്ലണ്ട് ലയണ്‍സിനായി പാഡണിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."