ഉദ്ഘാടനം കാത്ത് അങ്കണവാടി കെട്ടിടം; ഒരു വര്‍ഷമായി കുട്ടികള്‍ പീടിക വരാന്തയില്‍
പട്ടാമ്പി: നാഗലശ്ശേരി പഞ്ചായത്തിലെ പിലാക്കാട്ടിരിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മാതൃകാ അങ്കണവാടി ഉദ്ഘാടനം കഴിയാത്തതിനാല്‍ കുട്ടികളുടെ പഠനം പീടിക വരാന്തയില്‍. ഒരു വര്‍ഷത്തോളമായി കുട്ടികള്‍ പീടികവരാന്തയില്‍ നിന്നാണ് അറിവ് നുകരുന്നത്. തൃത്താല എം.എല്‍.എ വി.ടി ബല്‍റാം അനുവദിച്ച 14 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച ആധുനിക സൗകര്യമുള്ള കെട്ടിടമാണ് ഉദ്ഘാടനത്തിനായി കാത്തുകിടക്കുന്നത്. അതേസമയം ജീര്‍ണിച്ചുനില്‍ക്കുന്ന പഴയ കെട്ടിടം പൊളിക്കാന്‍ അധികൃതര്‍ തയാറാകാത്തതിനെതിരേ നാട്ടുകാരുടെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇത് പൊളിക്കാതെ കളിസ്ഥലം പണിയാന്‍ കഴിയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. എപ്പോള്‍ വേണമെങ്കിലും നിലംപൊത്താമെന്ന നിലക്കാണ് പഴയകെട്ടിടം നിലകൊള്ളുന്നത്. മഴക്കാലത്തും താല്‍ക്കാലികമായി അങ്കണവാടി പ്രവര്‍ത്തിക്കുന്നത് പീടികവരാന്തയിലായതിനാല്‍ കുട്ടികളടക്കം ടീച്ചര്‍മാരും ഏറെ പ്രയാസത്തിലാണ്. അതിനാല്‍തന്നെ സാഹചര്യം കണക്കിലെടുത്ത് രക്ഷിതാക്കളില്‍ പലരും അങ്കണവാടികളിലേക്ക് കുട്ടികളെ പറഞ്ഞയക്കാന്‍ വിമുഖത കാണിക്കുന്നുമുണ്ട്. പുതിയ കെട്ടിടം തുറന്നാല്‍ ഇരുപതോളം കുട്ടികള്‍ വരാന്‍ തയാറായി നില്‍ക്കുന്നുണ്ടെന്ന് വര്‍ക്കര്‍ വ്യക്തമാക്കുന്നു. ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ ഇക്കാര്യം ഉണര്‍ത്തിയിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നുണ്ടെങ്കിലും പഴയകെട്ടിടം പൊളിച്ചുനീക്കാത്തതിലുള്ള മെല്ലെപോക്കും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകുന്നതും അടിയന്തരമായി ബന്ധപ്പെട്ടവര്‍ ഇടപെട്ട് പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."