ജനപ്രതിനിധികളെപ്പോലും അപമാനിക്കുന്ന നടപടി അത്യന്തം ആപത്ക്കരം: മുസ്‌ലിം ലീഗ്
തൃശൂര്‍: ജനാധിപത്യ പരമാധികാര രാജ്യത്ത് ഒരു പൗരന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ഭരണഘടന ഉറപ്പു തരുമ്പോള്‍ ജനപ്രതിനിധിയായ ആളുകളെപ്പോലും ഭരണകൂടം അപമാനിക്കുന്ന പ്രവണ അത്യന്തം ആപത്ക്കരമാണെന്ന് മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്റ് സി.എച്ച് റഷീദ് അഭിപ്രായപ്പെട്ടു.
മുസ്‌ലിം ജനപ്രതിനിധികളെ ഗുജറാത്തില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്്‌ലിം ലീഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശൂര്‍ നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് ഇത്തരമനുഭവത്തിന്റെ വാര്‍ത്ത നാം കേട്ടത്.
ലോക വനിത ദിനാചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുത്ത കേന്ദ്ര സര്‍ക്കാര്‍ വനിത ജനപ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച ക്യാംപില്‍ മുസ്്‌ലിം പ്രതിനിധികളായ വയനാട് മുപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാന്‍ സൈതലവി, കാസര്‍കോഡ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ എന്നീ വനിത പ്രതിനിധികളാണ് മത ചിഹ്നം ഉപയോഗിച്ചതിന്റെ പേരില്‍ അപമാനിതരായത്.
മോഡി ഭരണകൂടത്തിന്റെ ഫാസിസ്റ്റ് വിരുദ്ധ സമീപനത്തെ ചെറുക്കാന്‍ പൊതുസമൂഹം ഒന്നിച്ചിറങ്ങിയില്ലെങ്കില്‍ പതിറ്റാണ്ടുകളായി നമ്മുടെ മണ്ണ് കാത്തുസൂക്ഷിച്ച ഐക്യം തകരാന്‍ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനറല്‍ സെക്രട്ടറി ഇ.പി കമറുദ്ദീന്‍, ഭാരവാഹികളായ എ.എസ്.എം അസ്ഗറലി തങ്ങള്‍, പി.എം അമീര്‍, വി.കെ മുഹമ്മദ്, പി.കെ ഷാഹുല്‍ ഹമീദ്, എം.എ റഷീദ്, എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.എ ഷാഹുല്‍ ഹമീദ്, യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് കെ.കെ അഫ്‌സല്‍, സി.കെ അഷ്‌റഫലി, പി. അബ്ദുട്ടി ഹാജി, തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."