അവശ്യവസ്തുക്കൾ എത്തിക്കാൻ ഖത്തർ 14 കമ്പനികളുമായി കരാറൊപ്പിടും
ദോഹ: ഖത്തറിലേക്ക് ആവശ്യമായ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ തടസ്സമില്ലാതെ രാജ്യത്തെത്തിക്കുന്നതിന് 14 കമ്പനികളുമായി വാണിജ്യ വ്യവസായ മന്ത്രാലയം ഈയാഴ്ച്ച കരാറൊപ്പിടും. കൊറോണയെ തുടര്‍ന്നുള്ള അസാധാരണ സാഹചര്യത്തിലും മിതമായ വിലക്ക് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് വക്താവ് ലൗല അല്‍ ഖാത്തര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഖത്തറിലേക്കാവശ്യമായ മാസ്്ക്കുകളും മെഡിക്കല്‍ അണുനാശിനികളും ചൈനയില്‍ നിന്ന് എത്തിക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത് ഖത്തര്‍ അമീരി ഫോഴ്‌സിലെ ട്രാസ്‌പോര്‍ട്ടേഷന്‍ യൂനിറ്റിനെയാണ്. ഇതിന് വേണ്ടി അമീരി ഫോഴ്‌സ് വിമാനങ്ങള്‍ പതിവായി ചൈനയിലേക്കു പറക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധി ബാധിച്ച മേഖലകള്‍ക്ക് ലോണ്‍ അടവിന് ആറ് മാസത്തെ കാലാവധി നല്‍കും. അടക്കാനുള്ള ഇന്‍സ്റ്റാള്‍മെന്റുകള്‍ക്കും പലിശയ്ക്കും ആറ് മാസത്തെ കാലാവധി നല്‍കാനാണ് സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റിന്റെ നിര്‍ദേശപ്രകാരം ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇതില്‍ പേഴ്‌സണല്‍ ലോണ്‍ ഉള്‍പ്പെടില്ല.
തൊഴിലാളികള്‍ നാട്ടിലേക്ക് പണമയക്കുന്നത് ഇലക്ട്രോണിക് സംവിധാനം വഴിയാക്കാനുള്ള സൗകര്യമൊരുക്കാന്‍ ബാങ്കുകള്‍ക്കും എക്‌സ്‌ചേഞ്ചുകള്‍ക്കും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് സര്‍ക്കുലര്‍ അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."