പച്ചക്കറി വാഹനങ്ങള്‍ തടഞ്ഞിട്ട് തമിഴ്‌നാട്
സ്വന്തം ലേഖകന്‍
തൊടുപുഴ: കേരളത്തിലേക്ക് പച്ചക്കറികളും നിത്യോപയോഗ സാധനങ്ങളും കയറ്റിവന്ന വാഹനങ്ങള്‍ കുമളിക്ക് സമീപം ലോവര്‍ ക്യാംപില്‍ തമിഴ്‌നാട് പൊലിസ് തടഞ്ഞിട്ടതോടെ മധ്യ കേരളത്തില്‍ പച്ചക്കറികള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും ക്ഷാമം നേരിട്ടുതുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പച്ചക്കറി കയറ്റാന്‍ പോയ വാഹനങ്ങള്‍ തമിഴ്‌നാട് പൊലിസ് അതിര്‍ത്തിയില്‍ തടഞ്ഞ് തിരിച്ചയക്കുകയും ചെയ്തു.
തമിഴ്‌നാട്ടില്‍ നിന്നുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെ ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ പച്ചക്കറി കടകള്‍ കാലിയായിത്തുടങ്ങി.
നിത്യോപയോഗ സാധനങ്ങള്‍ക്കും കുറവുവന്നിട്ടുണ്ട്. ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് ഉള്‍പ്പടെ ജനപ്രതിനിധികള്‍ പ്രശ്‌നത്തില്‍ ഇടപ്പെട്ടുവെങ്കിലും ചരക്ക് നീക്കം സാധാരണ നിലയിലാക്കാന്‍ തമിഴ്‌നാട് അധികൃതര്‍ തയാറായിട്ടില്ല.
തമിഴ്‌നാട്ടിലെ കമ്പം, തേനി, ആണ്ടിപ്പെട്ടി എന്നിവിടങ്ങളില്‍ നിന്നാണ് പച്ചക്കറിയും പലചരക്ക് സാധനങ്ങളും ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെത്തുന്നത്. കുമളി, കമ്പംമെട്ട്, ബോഡിമെട്ട് ചെക്കു പോസ്റ്റുകളിലും തമിഴ്‌നാട് പൊലിസ് ചരക്കു വാഹനങ്ങള്‍ തടഞ്ഞിട്ടു.
കേരളത്തിലേക്ക് പാലുമായി വന്ന വാഹനങ്ങള്‍പോലും തടഞ്ഞിട്ട ശേഷം പിന്നീട് പോകാന്‍ അനുവദിച്ചു. ഇതിനിടെ കേരളത്തിനു പിന്നാലെ തമിഴ്‌നാടും സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങുകയാണ്. ഇന്നു മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടാനുള്ള തീരുമാനത്തിലാണ് തമിഴ്‌നാട് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."