HOME
DETAILS
MAL
ലോക്ഡൗണ്‍ ലംഘിച്ച് റിട്ട. പൊലിസ് ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹം; 30 പേര്‍ക്കെതിരേ കേസ്
backup
March 26 2020 | 04:03 AM
കൊല്ലം: കൊവിഡ്- 19 വ്യാപനത്തെ ചെറുക്കാന്‍ രാജ്യത്തു സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും നിരവധിയാളുകളെ പങ്കെടുപ്പിച്ച് വിവാഹം നടത്തി. കൊല്ലം കൊട്ടാരക്കര വെട്ടിക്കവലയിലാണ് സംഭവം.
എഴുകോണ്‍ സ്റ്റേഷനില്‍ നിന്ന് മാസങ്ങള്‍ക്കു മുന്‍പ് ഗ്രേഡ് എസ്.ഐയായി വിരമിച്ച വെട്ടിക്കവല കൊച്ചുപടിഞ്ഞാറ്റതില് വീട്ടില്‍ ജി. രാജേന്ദ്രന്റെയും ജി. രത്നമ്മയുടെയും മകളുടെ വിവാഹമാണ് ഓഡിറ്റോറിയം ഒഴിവാക്കി വീട്ടില്‍ ആളെക്കൂട്ടി നടത്തിയത്. വിവാഹങ്ങള്‍ നടത്തുകയാണെങ്കില്‍ പത്തില്‍ താഴെ ആളുകളെ മാത്രമേ പങ്കെടുപ്പിക്കാവൂ എന്ന നിര്‍ദേശമാണ് ഇവര്‍ ലംഘിച്ചത്.
ആരോഗ്യ വകുപ്പും പൊലിസും നേരത്തെ തന്നെ നോട്ടിസ് നല്‍കിയിട്ടും കൂടുതല്‍ ആളുകള്‍ വിവാഹത്തില്‍ പങ്കെടുത്തതായാണ് വിവരം. വിവാഹ വിഡിയോ പരിശോധിച്ച ശേഷം, മുപ്പതു പേര് മാത്രമാണ് പങ്കെടുത്തതെന്ന് കൊട്ടാരക്കര പൊലിസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വധൂവരന്മാരുടെ രക്ഷിതാക്കളും ബന്ധുക്കളുമടക്കം വിവാഹത്തില്‍ പങ്കെടുത്ത 30 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.
റിട്ട. പൊലിസ് ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹമായതിനാല്‍ പൊലിസ് കേസെടുക്കുന്നതില്‍ അലംഭാവം കാട്ടിയിരുന്നു. ജില്ലാ കലക്ടറും റൂറല്‍ എസ്.പിയും ഇടപെട്ടാണ് കേസെടുപ്പിച്ചത്. നൂറിലധികം പേര് വിവാഹത്തില്‍ പങ്കെടുത്തതായാണ് വിവരം. ആളുകള്‍ കൂടുന്ന വിവാഹം നടക്കുന്നുണ്ടെന്ന വിവരം യഥാസമയം റിപ്പോര്‍ട്ട് ചെയ്യാത്തതിന് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കു റൂറല്‍ എസ്.പി മെമ്മോ നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."