കൊട്ടാരക്കര നഗരം പകര്‍ച്ചവ്യാധി ഭീതിയില്‍ ഡിജിറ്റല്‍ നഗരം മാലിന്യ നഗരമാകുന്നു
കൊട്ടാരക്കര: ഇന്ത്യയിലെ രണ്ടാമത്തെ ഡിജിറ്റല്‍ നഗരസഭയായി കൊട്ടാരക്കര മാറാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുമ്പോള്‍ കൊട്ടാരക്കര നഗരം മാലിന്യം നിറഞ്ഞ് ദുഷിച്ച് നാറുന്നു.
മാലിന്യ നീക്കം നിലയ്ക്കുകയും സംസ്‌ക്കരണ പ്ലാന്റ് നിര്‍മാണം എങ്ങും എത്താതെയുമായതോടെയാണ് നഗരം മൊത്തത്തില്‍ മാലിന്യകൂമ്പാരമായി മാറിയത്. ടൗണിലെ മാലിന്യ നീക്കം നിലച്ചിട്ട് ഒരു വര്‍ഷത്തിലധികമായി.
വേതന വര്‍ധനവില്ലാത്തതിനാല്‍ തൊഴിലാളികളില്‍ നല്ലൊരു വിഭാഗം ജോലി ഉപേക്ഷിക്കുകയും ചെയ്തു. ഉഗ്രംകുന്നിലെ പഴയ മാലിന്യ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് 10 വര്‍ഷത്തിലധികമായി നഗരത്തിലെ മാലിന്യം ഉഗ്രം കുന്നില്‍ എത്തിച്ച് കത്തിക്കുകയായിരുന്നു ചെയ്തിരുന്നത്. മാലിന്യ നീക്കം നിലച്ചതോടെ ഇപ്പോള്‍ ഇത് നടക്കുന്നില്ല.
വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും മാലിന്യം രാത്രി കാലങ്ങളില്‍ പൊതു നിരത്തുകളിലേക്ക് വലിച്ചെറിയാറുണ്ട്. ഇറച്ചി മാലിന്യം ഉള്‍പ്പടെ തോടുകളിലും ജലാശയങ്ങളിലും ഇടറോഡുകളിലും വലിച്ചെറിയുന്നു. ടൗണിലെ പല ഭാഗങ്ങളിലും പൊതുനിരത്തുകളില്‍ പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പടെ കത്തിച്ചു വരുന്നുണ്ട്. ഇത് പരിസര മലിനീകരണവും സൃഷ്ടിക്കുന്നു. ആയിരക്കണക്കിന് ആളുകള്‍ വന്നുപോകുന്ന കെ.എസ്.ആര്‍.ടി.സി യുടെയും സ്വകാര്യ ബസ് സ്റ്റാന്‍ഡിന്റെയും ഈ ഭാഗങ്ങളില്‍ മാലിന്യം കെട്ടി കിടക്കുന്നുണ്ട്.
വേനല്‍ മഴ പെയ്തതോടെ അഴുകിയ മാലിന്യത്തിന്റെ ദുര്‍ഗന്ധമാണ് ബസ് സ്റ്റാന്‍ഡുകളിലും പരിസരങ്ങളിലും. മൂക്ക്‌പൊത്താതെ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇവിടെ. പ്രമുഖ വാണിജ്യ കേന്ദ്രമായ കൊട്ടാരക്കര ചന്തയിലും പരിസരങ്ങളിലും ഒഴുകിയ മാലിന്യത്തിന്റെ ദുര്‍ഗന്ധം അസഹനീയമാണ്.
കൊട്ടാരക്കര പഞ്ചായത്തായിരുന്നപ്പോള്‍ ഉഗ്രംകുന്നില്‍ ആധുനിക രീതിയിലുള്ള മാലിന്യ പ്ലാന്റ്സ്ഥാപിക്കാന്‍ തീരുമാനമെടുത്തിരുന്നു. തീരുമാനമെടുത്തിട്ട് 10 വര്‍ഷത്തിലധികമായെങ്കിലും നിര്‍മാണം നടന്നില്ല. കേന്ദ്ര ഫണ്ട് ഉള്‍പ്പടെ തുക അനുവദിക്കുകയും നിര്‍മാണം കരാര്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കരാറുകാരന്‍ നാല് തൂണുകള്‍ കെട്ടിയിട്ട് പണി ഉപേക്ഷിച്ചു. ഇതിനെതിരെ നടപടി സ്വീകരിക്കുകയോ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തുകയോ മാറി മാറി വന്ന പഞ്ചായത്ത് ഭരണസമിതികള്‍ ചെയ്തിട്ടില്ല.ഉറവിട മാലിന്യ സംസ്‌ക്കരണം നടപ്പിലാക്കുമെന്നും ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റ് വീടുകളില്‍ സ്ഥാപിക്കുമെന്നും പലതവണ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ ഒന്നും യാഥാര്‍ഥ്യമായിട്ടില്ല. നഗരത്തിന്റെ മുക്കും മൂലയും ദുഷിച്ച് നാറിയിട്ടും നഗരസഭാ അധികൃതര്‍ അറിഞ്ഞമട്ട് നടിക്കുന്നില്ല. മഴക്കാലമാകുമ്പോള്‍ കൊതുകുകളുടെ കേന്ദ്രമായി ഇവിടം മാറും. മുന്‍ വര്‍ഷങ്ങളിലെപ്പോലെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമെന്ന കാര്യത്തിലും തര്‍ക്കമില്ല. ഡിജിറ്റല്‍ പേമെന്റ് നഗരസഭയായി മാറുന്നതിന്റെ പരിശീലനം ഇപ്പോള്‍ നടന്നുവരികയാണ്.അടിസ്ഥാന പ്രശ്‌നങ്ങള്‍ മറന്നുകൊണ്ടുള്ള ആധുനിക വല്‍ക്കരണംകൊണ്ട് എന്തു പ്രയോജനമെന്ന് നഗരവാസികള്‍ ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."