പൊലിസില്ല; അന്വേഷണങ്ങള്‍ നിലയ്ക്കുന്നു
ചങ്ങരംകുളം: പൊലിസ് സ്റ്റേഷനില്‍ ആവശ്യത്തിന് പൊലിസില്ലാത്തത് സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിക്കുന്നു.
പൊന്നാനി സര്‍ക്കിള്‍ പരിതിയില്‍ പെടുന്ന പെരുമ്പടപ്പ്, പൊന്നാനി, ചങ്ങരംകുളം തുടങ്ങിയ സ്റ്റേഷനിലാണ് പൊലിസിന്റെ കുറവ് സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ചിരിക്കുന്നത്. ജില്ലയിലെ പ്രധാന സ്റ്റേഷന്‍ കൂടിയായ തീരദേശ മേഖല ഉള്‍ക്കൊളളുന്ന പൊന്നാനി സ്റ്റേഷനില്‍ നിലവിലെ പൊലിസിനെ കൊണ്ട് സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോവാന്‍ പ്രയാസം നേരിടുന്ന അവസ്ഥയില്‍ എസ്.ഐ യെ കൂടി സ്ഥലം മാറ്റിയെന്നാണ് വിവരം.
മണ്ണ്, മണല്‍ മാഫിയകളുടെയും വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവും മദ്യവില്‍പനയും നടത്തുന്നവരുടെയും പറുദീസയാണ് കടലോര മേഖല ഉള്‍പ്പെടുന്ന പൊന്നാനി. സി.ഐയെയും എസ്.ഐയെയും ഓരോ രാഷ്ട്രീയ പാര്‍ട്ടികളും മാറി മാറി പരീക്ഷിക്കുന്ന ജില്ലയിലെ സുപ്രധാന സ്റ്റേഷനില്‍ നിലവില്‍ 15 ഓളം പൊലിസിന്റെ കുറവുണ്ടെന്നാണ് അറിയുന്നത്. ദൈനം ദിന ആവശ്യങ്ങള്‍ക്കായി 42 പൊലിസുകാരെങ്കിലും വേണ്ട ചങ്ങരംകുളം സ്റ്റേഷനില്‍ നിലവില്‍ 20 പൊലിസുകാരാണ് ഉളളത്. ഇതില്‍ പലരും താല്‍ക്കാലിക ഡ്യൂട്ടിയിലുളളവരാണ്. നിലവിലുളള പൊലിസുകാര്‍ക്കാവട്ടെ സി.ഐ ഓഫീസിലും, എസ്.പി ഓഫിസിലും സ്‌പെഷല്‍ ഡ്യൂട്ടിയും മെഡിക്കല്‍ ലീവുമൊക്കെയാണ്.
എടപ്പാള്‍, ചങ്ങരംകുളം തുടങ്ങിയ ജില്ലയിലെ പ്രധാന ടൗണുകള്‍ ഉള്‍പ്പെടുന്ന ചങ്ങരംകുളം പൊലിസ് സ്റ്റേഷന്‍ പാലക്കാട്, തൃശ്ശൂര്‍ ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുന്ന സ്റ്റേഷനാണ്. ഇവിടെ ഉത്സവങ്ങളും ഉത്സവങ്ങളോടനുബന്ധിച്ച സംഘര്‍ഷങ്ങളും മറ്റു രാഷ്ട്രീയ സംഘര്‍ഷങ്ങളും പൊലിസിന് പലപ്പോഴും നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയും നിലവിലുണ്ട്. സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് തടയിടാന്‍ ഏറെ കൊട്ടി ഘോഷിച്ച് ലക്ഷങ്ങള്‍ മുടക്കി സംസ്ഥാന പാതയില്‍ ചിയ്യാനൂര്‍ പാടത്ത് പണിത പഞ്ചിങ്ങ് സ്റ്റേഷന്‍ പൊലിസില്ലാത്തത് മൂലം അടഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പാറാവ് ഡ്യൂട്ടിക്കും ട്രഷറി ഡ്യൂട്ടിക്കും ട്രാഫിക് ഡ്യൂട്ടിക്കും ആളെ നിര്‍ത്തിയാല്‍ കേസന്വേഷണത്തിനോ മറ്റു അടിയന്തിര ഘട്ടത്തിലോ ഓടിയെത്താന്‍ സ്റ്റേഷനില്‍ പൊലിസില്ല എന്നതാണ് അവസ്ഥ.
പെരുമ്പടപ്പ് സ്റ്റേഷനിലെയും സ്ഥിതി വ്യത്യസ്തമല്ല. രാഷ്ട്രീയ അക്രമങ്ങളും ക്രിമിനല്‍ പശ്ചാതലവും കൈമുതലായുളള വെളിയങ്കോട്, പാലപ്പെട്ടി തീരദേശ മേഖലകള്‍ ഉള്‍പ്പെടുന്ന സ്റ്റേഷന്‍ പരിതിയില്‍ പൊലിസിന്റെ കുറവ് സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. 20 ഓളം പൊലിസിന്റെ കുറവാണ് ക്രിമിനല്‍ പശ്ചാതലമുള്ള പെരുമ്പടപ്പ് സ്റ്റേഷനില്‍ നിലവിലുളളത്. മൂന്നു സ്റ്റേഷനുകളിലും പൊലിസുകാരുടെ അഭാവത്തിനു പുറമെ രാഷ്ട്രീയ നേതാക്കളുടെ സ്ഥലംമാറ്റ ഭീഷണികള്‍ മൂലം പല അന്വേഷണങ്ങളും നേര്‍വഴിക്ക് നടത്താന്‍ പൊലിസിന് കഴിയാത്ത അവസ്ഥയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."