ഓടിക്കൊണ്ടിരുന്ന വാഹനത്തിനു മുകളില്‍ മരം വീണു
മണ്ണാര്‍ക്കാട്: അട്ടപ്പാടി- മണ്ണാര്‍ക്കാട് റൂട്ടില്‍ ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് മരം പൊട്ടിവീണു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം. ചുരത്തിലെ ഏഴാമത്തെ വളവിനോടടുപ്പിച്ച സ്ഥലത്താണ് സംഭവം. അട്ടപ്പാടിയില്‍നിന്ന് വടകരയിലേക്ക് വാഴക്കുല ലോഡുമായി പോകുകയായിരുന്ന മിനിലോറിക്കു മുകളിലേക്കാണ് ഉണങ്ങിയ മരം വീണത്. വാഹനത്തിന് സംഭവിച്ച കേടുപാടുകളൊഴിച്ചാല്‍ വലിയ അപകടമാണൊഴിവായത്. തുടര്‍ന്ന് ഇരുവശങ്ങളിലുമായി അട്ടപ്പാടിയില്‍നിന്ന് വരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഉള്‍പ്പെടെയുളള വാഹനങ്ങള്‍ കുടുങ്ങി. വിവരമറിഞ്ഞതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട്‌നിന്ന് ഫയര്‍ഫോഴ്‌സ് സംഘം എത്തി മരം വെട്ടിമാറ്റിയാണ് 11 മണിയോടെ ഗതാഗതം പുനസ്ഥാപിച്ചത്. അട്ടപ്പാടി ചുരത്തില്‍ ധാരാളം മരങ്ങളാണ് ഉണങ്ങി റോഡിലേക്ക് വീഴാറായി നില്‍ക്കുന്നത്. നിത്യേന നൂറു കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന വഴിയായതിനാല്‍ അപകട ഭീഷണി പരിഹരിക്കേണ്ടത് അടിയന്തിര പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. ലീഡിങ് ഫയര്‍മാന്‍ മുരുകനുണ്ണിയുടെ നേതൃത്വത്തില്‍ നിയാസുദ്ധീന്‍, മുഹമ്മദാലി, പ്രഭു, ഫൈസല്‍, അനില്‍കുമാര്‍, സന്ദീപ്, സജിത്ത് എന്നിവര്‍ ഉള്‍പ്പെട്ട ഫയര്‍ഫോഴ്‌സ് സംഘമാണ് സ്ഥലത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."