ബി.എസ്.പി-എസ്.പി സഖ്യം: നഗരസീറ്റുകളിലെ വെല്ലുവിളി എസ്.പിക്ക്
ന്യൂഡല്‍ഹി: ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി-ബി.എസ്.പി നഗര കേന്ദ്രീകൃത സീറ്റ് വിഭജനത്തില്‍ ബി.ജെ.പിയുടെ ശക്തമായ വെല്ലുവിളി നേരിടുക സമാജ് വാദി പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകള്‍. ആകെയുള്ള 14 നഗര സീറ്റുകളില്‍ എട്ടെണ്ണത്തില്‍ സമാജ്‌വാദി പാര്‍ട്ടിയും ആറെണ്ണത്തില്‍ ബി.എസ്.പിയും മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ നഗര സീറ്റുകള്‍ എക്കാലത്തും ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളാണ്. 14ലെ മൂന്ന് സീറ്റുകളില്‍ 2014ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് രണ്ടാംസ്ഥാനത്ത്.
കോണ്‍ഗ്രസ് വിജയത്തിനടുത്തെത്തിയ മറ്റ് മൂന്നു സീറ്റുകളില്‍ ബി.എസ്.പിയാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ അമേതിയിലും റായ്ബറേലിയിലും മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. കോണ്‍ഗ്രസ് രണ്ടാംസ്ഥാനത്തെത്തിയ എല്ലാ സീറ്റുകളിലും ജയിച്ചത് ബി.ജെ.പിയാണ്. ബി.എസ്.പി മൂന്നാം സ്ഥാനത്തായിരുന്നു. നഗരസീറ്റുകളിലെല്ലാം ബി.ജെ.പി ജയിച്ചത് വലിയ ഭൂരിപക്ഷത്തിനാണ്. 2.49 ലക്ഷമായിരുന്നു 14 സീറ്റുകളില്‍ ബി.ജെ.പിയുടെ ശരാശരി ഭൂരിപക്ഷം.
38 സീറ്റുകളില്‍ വീതം മത്സരിക്കാനാണ് ബി.എസ്.പിയും സമാജ്‌വാദി പാര്‍ട്ടിയും തമ്മില്‍ ധാരണയിലെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് സഖ്യത്തിലില്ലെങ്കിലും രാഹുല്‍ ഗാന്ധിയുടെ മണ്ഡലങ്ങളായ അമേത്തിയിലും റായ്ബറേലിയിലും സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല. ബാക്കിയുള്ള രണ്ടുസീറ്റ് രാഷ്ട്രീയ ലോക്ദള്‍ പോലുള്ള സഖ്യത്തിനായി മാറ്റിവയ്ക്കും.
സമാജ്‌വാദി പാര്‍ട്ടിയ്ക്കായി നീക്കിവച്ച മഥുര സീറ്റും ഒരു പക്ഷേ രാഷ്ട്രീയ ലോക്ദളിന് നല്‍കിയേക്കും. മൂന്‍കാല തെരഞ്ഞെടുപ്പ് പ്രകടനങ്ങള്‍ കണക്കിലെടുത്താണ് സീറ്റുവിഭജനം നടത്തുന്നത്. സീറ്റുകള്‍ സംബന്ധിച്ച് നിലവില്‍ ധാരണയായിട്ടുണ്ട്. എന്നാല്‍, ഔദ്യോഗിക പ്രഖ്യാപനം പാര്‍ലമെന്റ് സമ്മേളനം അവസാനിച്ച ശേഷമായിരിക്കുമുണ്ടാകുക.
നഗര മണ്ഡലങ്ങളില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് മുറാദാബാദ്, ഗാസിയാബാദ്, ലഖ്‌നൗ, കാണ്‍പൂര്‍, ജാന്‍സി, അലഹബാദ്, ഗോരഖ്പൂര്‍, വരാണസി എന്നിവ ലഭിക്കും. കഴിഞ്ഞ വര്‍ഷം ഗോരഖ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സഖ്യംചേര്‍ന്ന് ബി.ജെ.പിയെ തോല്‍പ്പിച്ചിരുന്നു.
മീററ്റ്, സഹാറന്‍പൂര്‍, ഗൗതംബുദ്ധനഗര്‍, അലിഗഡ്, ആഗ്ര, ബാരബങ്കി, കുശിനഗര്‍, ബറേലി എന്നിവയായിരിക്കും ബി.എസ്.പിയ്ക്ക്. 2014ല്‍ മുറാദാബാദ്, ത്സാന്‍സി, ഗോരഖ്പൂര്‍, അലഹബാദ് എന്നിവിടങ്ങളില്‍ സമാജ്‌വാദി പാര്‍ട്ടി രണ്ടാംസ്ഥാനത്താണ്. പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വരാണസിയില്‍ ആംആദ്മി പാര്‍ട്ടിയായിരുന്നു രണ്ടാംസ്ഥാനത്ത്.
ഇവിടെ സമാജ്‌വാദി പാര്‍ട്ടിയ്ക്കും ബി.എസ്.പിയ്ക്കും കിട്ടിയത് ലക്ഷത്തില്‍ താഴെ വോട്ടു മാത്രമാണ്. അതിനാല്‍ വരാണസിയില്‍ പ്രതിപക്ഷത്തിന്റെ ഒറ്റ സ്ഥാനാര്‍ഥി വരാനും സാധ്യതയുണ്ട്. മീററ്റ്, അലിഗഡ്, ആഗ്ര എന്നിവിടങ്ങളില്‍ 2014ല്‍ ബി.എസ്.പി രണ്ടാംസ്ഥാനത്താണ്. ഗൗതം ബുദ്ധനഗറിലും ബറേലിയിലും സമാജ് വാദി പാര്‍ട്ടിയായിരുന്നു രണ്ടാംസ്ഥാനത്ത്. 2009ല്‍ ബി.എസ്.പി ജയിച്ച മണ്ഡലമാണ് ഗൗതം ബുദ്ധനഗര്‍. ബറേലിയില്‍ ബി.എസ്.പി സമാജ് വാദി പാര്‍ട്ടിയുടെ ഇരട്ടി വോട്ട് വാങ്ങുകയും ചെയ്തിരുന്നു.
2017ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അലിഗഡിലും മീററ്റിലും ബി.എസ്.പി, ബി.ജെ.പിയെ തോല്‍പ്പിച്ച് മേയര്‍ സീറ്റുകളില്‍ വിജയിച്ചു. 2014ല്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തിയ ആറു സീറ്റുകളുടെ കാര്യത്തിലും സഖ്യത്തില്‍ ധാരണയായിട്ടുണ്ട്.
2014ലെ തെരഞ്ഞെടുപ്പില്‍ 42.63 ശതമാനമായിരുന്നു 71 സീറ്റ് നേടിയ ബി.ജെ.പിയുടെ വോട്ട് വിഹിതം. സമാജ് വാദി പാര്‍ട്ടിയ്ക്ക് 22.35 ശതമാനവും അഞ്ചു സീറ്റുകളും ലഭിച്ചു.
19.77 ശതമാനമായിരുന്നു ഒരു സീറ്റുപോലും നേടാന്‍ കഴിയാത്ത ബി.സ്.പിയുടെ വോട്ടു വിഹിതം. രണ്ടു സീറ്റ് നേടിയ കോണ്‍ഗ്രസിന് 7.53 ശതമാനമായിരുന്നു.
2017ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 312 സീറ്റുകള്‍ നേടിയെങ്കിലും വോട്ടുവിഹിതം 39.67 ശതമാനമായി കുറഞ്ഞു. 47 സീറ്റ് നേടിയ സമാജ് വാദി പാര്‍ട്ടിയുടെ വിഹിതത്തിലും നേരിയ കുറവുണ്ടായി, 21.82 ശതമാനം. 19 സീറ്റ് നേടിയ ബി.എസ്.പിയുടെ വിഹിതം 22.23 ആയി ഉയര്‍ന്നു.
ഏഴു സീറ്റ് നേടിയ കോണ്‍ഗ്രസിന്റെ വിഹിതം 6.25 ശതമാനമായി താഴ്ന്നു. മറ്റു കക്ഷികള്‍ 2014ല്‍ 7.72 ശതമാനം നേടിയപ്പോള്‍ 2017ല്‍ അത് 10.03 ശതമാനമായി ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."