പ്രണയം രോഗമാകുന്ന വിധം
#ഡോ. ടി.എ സാലിം ഫൈസി
മനുഷ്യരുടെ ആത്മാവുകള്‍ ഒരുക്കിനിര്‍ത്തപ്പെട്ട പടയാളികളാണ്. അവകള്‍ തമ്മില്‍ അടുക്കുമ്പോള്‍ ഇണങ്ങുകയും ഇടയുമ്പോള്‍ അകലുകയും ചെയ്യുന്നു. മുഹമ്മദ് നബി(സ) പറഞ്ഞതായി ഇമാം അഹ്മദ്(റ) തന്റെ മുസ്‌നദില്‍ രേഖപ്പെടുത്തിയ വചനമാണിത്. ഖുര്‍ആന്‍ രണ്ടുതരം സ്‌നേഹങ്ങളെ പരിചയപ്പെടുത്തിയിട്ടുണ്ട്. ഒന്ന് നല്ലതും മറ്റൊന്ന് ചീത്തയും. യൂസുഫ് നബി(അ)യെ സുലൈഖ സ്‌നേഹിച്ചതാണ് ഒന്നാമത്തേത്. സര്‍വവും മറന്ന് യൂസുഫിനോടു താല്‍പര്യമുണ്ടാവുകയും യൂസുഫിനെ കിട്ടാന്‍ വേണ്ടി പല വഴികളും സ്വീകരിക്കുകയും ചെയ്തതാണ് ആ സ്‌നേഹം.
ഇതിനെ പ്രകൃതിപരമെന്നു പറയാം. മറ്റൊന്ന് ലൂത്ത് നബി(അ)മിന്റെ സമൂഹം പുരുഷന്മാര്‍ പുരുഷന്മാരോട് കാണിച്ച സ്‌നേഹബന്ധമാണ്. ഇതിനെ പ്രകൃതിവിരുദ്ധമായ സ്‌നേഹബന്ധങ്ങളെന്നും പറയാം. രണ്ടാമത്തേത് പ്രകൃതിവിരുദ്ധം തന്നെയാണ്. അക്കാലത്തും ഇക്കാലത്തും എല്ലാവരാലും ആക്ഷേപിക്കപ്പെട്ടതും ഇനിയും ആക്ഷേപിക്കേണ്ടതുമായ ദുഷിച്ച ബന്ധമാണത്. എന്തുകൊണ്ടിങ്ങനെ സംഭവിച്ചു എന്നതിന് അടിസ്ഥാനപ്പെടുത്തിയാണ് ഒരു കാര്യം നല്ലതും ചീത്തയുമായി വേര്‍തിരിക്കപ്പെടുന്നത്. ഇവിടെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്ന സ്‌നേഹം സുലൈഖയുടേതല്ല. മറിച്ച് യൂസുഫിന്റേതാണ്. അല്ലാഹുവിനോടുള്ള സ്‌നേഹത്തെ ഹൃദയത്തില്‍ നട്ടുവളര്‍ത്തിയാല്‍ അവിടെ ശരിയല്ലാത്ത മറ്റൊന്നും ഏശുകയില്ല എന്നതിന്റെ തെളിവായാണ് വിശുദ്ധ ഖുര്‍ആന്‍ ഈ ബന്ധത്തെക്കുറിച്ചുള്ള കഥ മുന്നോട്ടുവയ്ക്കുന്നത്.
സ്‌നേഹം പത്തുതരത്തിലുണ്ട്. ഉല്ഫത്ത്(പരിചയം), സ്വദാഖത്ത് (സൗഹൃദം), മവദ്ദത്ത്(സ്‌നേഹം), ഹവാ (കാമന), ശഗഫ്(ആവേശം), ഖുല്ലത്ത്(ചങ്ങാത്തം), മഹബ്ബത്ത്(പ്രേമം), തൈം (ലാലസ), വലഹ് (ആനന്ദമൂര്‍ച്ഛ), ഇബാദത്ത് (ആരാധന) എന്നിവയാണവ. ഇതില്‍ ആരാധനയാണ് എല്ലാ സ്‌നേഹങ്ങളുടെയും സംഗമം. ഇതില്‍ മവദ്ദത്തിന് റഹ്മത്ത് അഥവാ വാത്സല്യം എന്ന ഒരു ഉപഘടകവും മഹബ്ബത്തിന് ഇഷ്ഖ് അഥവാ അനുരാഗം എന്ന ഒരു ഉപഘടകവുമുണ്ട്. അപ്പോള്‍ ആകെ ഇഷ്ടങ്ങള്‍ പന്ത്രണ്ട് തരമാകും.
ഒരാള്‍ക്ക് ഒരു വസ്തുവിനോടോ അല്ലെങ്കില്‍ ഒരു വ്യക്തിയോടോ തോന്നുന്ന സന്തോഷനിര്‍ഭരമായ അവസ്ഥയ്ക്കാണ് സ്‌നേഹം എന്നു പറയുന്നത്. ഈ സ്‌നേഹം നേടലിന്റെയും നഷ്ടപ്പെടലിന്റെയും മധ്യേ കിടന്നുപിടയുമ്പോള്‍ അതിനെ പ്രേമം എന്ന് പറയുന്നു. അത് ഭ്രാന്തമായ അവസ്ഥയിലേക്ക് നീങ്ങുമ്പോള്‍ അതിനെ പ്രണയം എന്ന് പറയുന്നു. അത് നന്മയുടെ വശത്തേക്ക് ചാഞ്ഞുനില്‍ക്കുമ്പോള്‍ അതിനെ അനുരാഗം എന്ന് പറയുന്നു. ഇശ്ഖ് അഥവാ അനുരാഗം എന്ന വാക്കിന് ഭ്രാന്ത് എന്ന അര്‍ഥം ഉണ്ട്.
പ്രേമം മനുഷ്യന്റെ ഉള്ളിലൂടെയുള്ള ഒരു ഒഴുക്കാണ്. യഥാര്‍ഥത്തില്‍ അത് ഒരു നിഷ്‌കളങ്ക പ്രചോദനമാണ്. അതിന് പുറത്തുനിന്നുള്ള ചേരുവകളുടെ സഹവാസം ഉണ്ടാകുമ്പോള്‍ പ്രണയമായി പരിണമിക്കുന്നു. അത് ഒരുതരം മത്ത് ആയി മാറുമ്പോള്‍ അനുരാഗമായി രൂപാന്തരപ്പെടുന്നു. അത് ഒരു കിട്ടാക്കനിയാകുമ്പോള്‍ നൊമ്പരമായി അവശേഷിക്കുന്നു. ഇതിലെ ഒന്നാം ഭാഗം ഒഴിച്ച് മറ്റുള്ളതെല്ലാം രോഗത്തിന്റെ പരിധിയില്‍ വരുന്നവയാണ്.
പുരുഷന് കൗപേഴ്‌സ് ഗ്രന്ഥി എന്ന ഒരു പ്രത്യേകമായ ഗ്രന്ഥി ഉണ്ടത്രെ. ആ ഗ്രന്ഥി പുറപ്പെടുവിക്കുന്ന സ്രവങ്ങളാണ് സ്ത്രീകളെ നോക്കാന്‍ പ്രചോദിപ്പിക്കുന്നത്. അപ്പോള്‍ പിന്നെ സ്ത്രീകള്‍ മറഞ്ഞിരിക്കുക എന്നതാണ് പ്രകൃതിനിയമം. പുരുഷന്‍ കാണലിനെ ഇഷ്ടപ്പെടുമ്പോള്‍ സ്ത്രീ കാണപ്പെടലിനെ ഇഷ്ടപ്പെടുന്നു.
പുരുഷനിലുള്ള പ്രത്യേകമായ സ്രവം നോക്കലിനെ ഇഷ്ടപ്പെടുമ്പോള്‍ സ്ത്രീ നോട്ടം കിട്ടലിനെ ഇഷ്ടപ്പെടുന്നു. നോട്ടം കിട്ടാതാകുമ്പോള്‍ അവള്‍ ആകര്‍ഷിക്കപ്പെടാനുള്ള വഴിതേടുന്നു. മനുഷ്യന് ഒരു അടിസ്ഥാനപരമായ ആഗ്രഹമുണ്ട്. ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണിന് വേണ്ടിയുള്ളതാണ് ആ അടിസ്ഥാന ആഗ്രഹം. ഡോപ്പോമിനില്‍നിന്ന് സെറിട്ടോണിലേക്കും സെറിട്ടോണില്‍നിന്ന് ഓക്‌സിറ്റോസിനിലേക്കും അത് നീങ്ങുന്നു. ഈ നീക്കം നടക്കാതെ ആകുമ്പോഴാണ് അവന്‍ അക്രമാസക്തനാകുന്നത്.
കുട്ടികള്‍ക്ക് ഇതു മാതാപിതാക്കളില്‍നിന്ന് ലഭ്യമാവേണ്ടതാണ്. ആണ്‍കുട്ടിക്ക് മാതാവില്‍ നിന്നും പെണ്‍കുട്ടിക്ക് പിതാവില്‍ നിന്നും. ഒരു അണച്ചുകൂട്ടിപ്പിടിത്തത്തിലൂടെ, അല്ലെങ്കില്‍ ഒരു തലോടലിലൂടെ ലഭിക്കേണ്ട ഇത്തരം ഹോര്‍മോണുകള്‍ ലഭ്യമല്ലാതാകുന്നത് പില്‍ക്കാലത്ത് പ്രണയം രോഗമായി പരിണമിക്കാന്‍ കാരണമാകുന്നു.
നിഷ്‌കളങ്കമായ പ്രേമം ചൂടിലും തണുപ്പിലും നിഴലിലും വെയിലിലും എല്ലാം ഒരുപോലെ നിലകൊള്ളും. ഇമ്രുല്‍ ഖൈസിന്റെയും ഖലീല്‍ ജിബ്രാന്റെയുമെല്ലാം കഥകള്‍ ഈ വസ്തുത പറഞ്ഞുതരുന്നതാണ്. പക്ഷെ, ആ കാലം കഴിഞ്ഞുപോയി. ഇന്ന് ആര്‍ദ്രത നഷ്ടപ്പെട്ട യുവതലമുറ പ്രണയത്തിന്റെ വൈവിധ്യങ്ങള്‍ തിരഞ്ഞുതുടങ്ങി. പ്രേമം കളങ്കമായിത്തുടങ്ങിയപ്പോള്‍ അതു മെല്ലെമെല്ലെ കാമത്തിലേക്കു വഴിമാറി. ആധുനിക കാംപസുകളും ഓഫിസുകളും സ്ത്രീപുരുഷ സംഗമമുള്ള എല്ലാ സ്ഥലങ്ങളും ഇതിന്റെ ധാരാളം കഥകള്‍ പറഞ്ഞു തരുന്നതാണ്.
അവിചാരിതമായി വന്നുപെടാറുണ്ടായിരുന്ന പ്രണയം വിചാരിതമായി കൊണ്ടുവരുന്നതിലേക്ക് കാംപസുകള്‍ മാറിയിട്ടുണ്ട്. പ്രണയിനിയാവാന്‍ സ്വഭാവവും വേണ്ട മനസ്സും വേണ്ട കര്‍മവും വേണ്ട ശുദ്ധതയും വേണ്ട എന്നൊരു അവസ്ഥയിലെത്തി. പ്രണയത്തിനു നിന്നുകൊടുക്കാന്‍ തയാറുണ്ടായിരുന്നാല്‍ മാത്രം മതി. പ്രണയദിനത്തില്‍ കാംപസുകളില്‍ ഡ്രസ്‌കോഡുകള്‍ വന്നു.
പ്രത്യേകമായ കോട്ടുകള്‍ വന്നു. പല നിറങ്ങളില്‍ പട്ട കെട്ടിയ വാച്ചുകള്‍ വന്നു. ഓരോന്നിനും വ്യത്യസ്ത അര്‍ഥങ്ങള്‍. പാഠപുസ്തകം അറിയില്ലെങ്കിലും ഈ അര്‍ഥങ്ങള്‍ അറിയുന്നവരായി ഇന്ന് ധാരാളം ആളുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ബ്യൂട്ടി പാര്‍ലറുകളിലും കൂള്‍ ബാറുകളിലും പാര്‍ക്കുകളിലും സ്‌കൂള്‍ ബസ്സുകളിലും അങ്ങനെ എല്ലായിടത്തും. ജീവിതത്തിന്റെ അര്‍ഥമറിയാതെ കേവലം വൈകാരികതയ്ക്കു മുമ്പില്‍ ജീവിതം ഹോമിക്കുകയാണവരെന്ന് തിരിച്ചറിഞ്ഞെങ്കില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."