പൊലിസ് കുടുംബത്തില്‍നിന്ന് പാട്ടിന്റെ വഴിയെ മൂന്ന് കുഞ്ഞുഗായികമാര്
കോഴിക്കോട്: പാട്ടിന്റെ കൈവിരല്‍ത്തുമ്പ് പിടിച്ചുനടന്ന പൊലിസ് കുടുംബത്തിലെ മൂന്നു കുഞ്ഞുഗായികമാര് എസ്. ജാനകിയുടെ പാട്ടുകള്‍ക്ക് പുതുനാദം നല്കിയപ്പോള് സദസ് ഏറ്റുവാങ്ങിയത് ഹര്‍ഷാരവത്തോടെ. കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ സിവില്‍ പൊലിസുകാരന് ശ്രീകുമാറിന്റെയും സ്മിതയുടെയും മൂന്നു മക്കളാണ് ടൗണ്‍ ഹാളില്‍ പാട്ടിന്റെ പാലാഴി തീര്‍ത്തത്. 'ശ്രുതിയില്‍ നിന്നുയരും നാദശലഭങ്ങള്‍' എന്ന പരിപാടിയിലൂടെ കുട്ടികള്‍ അനുഗൃഹീത ഗായിക എസ്. ജാനകിക്ക് സംഗീതാര്‍ച്ചന അര്‍പ്പിച്ചു.
മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളില്‍ നിന്നുള്ള തിരഞ്ഞെടുത്ത പാട്ടുകളാണു മൂവരും പാടിയത്. ഒന്‍പതാം ക്ലാസിലാണ് മൂത്തമകള്‍ ശ്രുതി ശ്രീകുമാര്‍ പഠിക്കുന്നത്. രണ്ടാമത്തവള്‍ ശീതള്‍ ഏഴാം ക്ലാസിലും ഇളയവള്‍ യു.കെ.ജി വിദ്യാര്‍ഥിനിയുമാണ്.
ചെറുപ്പം തൊട്ടേ സംഗീതമാണവരുടെ ലോകം. പൊലിസ് കുടുംബത്തില്‍നിന്ന് സംഗീതനാദം ഒഴുകിയപ്പോള്‍ കാഴ്ചക്കാരിലതു കൗതുകമുണര്‍ത്തി. അപ്പോഴാണ് പൊലിസുകാരായ സഹപ്രവര്‍ത്തകരില്‍ നിന്നുതന്നെ ഇതുപോലൊരു പരിപാടി നടത്താനുള്ള ആവശ്യം ഉയര്‍ന്നത്. നേരത്തെ സ്കൂളിലും മറ്റും പാടിയിട്ടുണ്ടെങ്കിലും കുട്ടികള്‍ ഒരുമിച്ച് നിറഞ്ഞവേദിയില്‍ പാടുന്നത് ആദ്യമാണ്. എന്നാല്‍ അതിന്റെ പരിഭ്രമമില്ലാതെ യു.കെ.ജി വിദ്യാര്‍ഥിനി ശ്രേയപോലും തകര്‍ത്തുപാടി.
ചടങ്ങ് ജില്ലാ പൊലിസ് മേധാവി സഞ്ജയ് കുമാര്‍ ഗുരുദിന് ഉദ്ഘാടനം ചെയ്തു. പൊലിസ് കുടുംബത്തില്‍നിന്ന് കലാരംഗത്തേക്കു കടന്നുവന്ന ഈ കുട്ടികളെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."