ഇരിട്ടി താലൂക്കിലെ 204 കേന്ദ്രങ്ങളില്‍ കുടിവെള്ളമെത്തിക്കും
ഇരിട്ടി: ഇരിട്ടി താലൂക്കിലെ 204 കേന്ദ്രങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പദ്ധതി തയ്യാറാക്കി.
വരള്‍ച്ചാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ചേര്‍ന്ന താലൂക്കിലെ തദ്ദേശഭരണ സ്ഥാപന പ്രതിനിധികളുടെയും വില്ലേജ് ഓഫിസര്‍മാരുടെയും ജല അതോറിറ്റി അധികൃതരുടെയും യോഗത്തിലാണ് തീരുമാനം. ഇതുപ്രകാരം ഇരിട്ടി താലൂക്കിലെ 103 കേന്ദ്രങ്ങളില്‍ കിയോസ്കുകള്‍ വഴിയും 181 കേന്ദ്രങ്ങളില്‍ ടാങ്കര്‍ ലോറി വഴിയും കുടിവെള്ളം വിതരണം ചെയ്യും. പഞ്ചായത്ത് അധികൃതരും വില്ലേജ് ഓഫിസര്‍മാരും ചേര്‍ന്ന് കുടിവെള്ള ക്ഷാമം ഉള്ളതായി നേരത്തെ കണ്ടെത്തിയ കേന്ദ്രങ്ങളിലാണ് 5000 ലിറ്ററിന്റെ കിയോസ്ക്കുകള്‍ സ്ഥാപിക്കുക. ലോറികള്‍ക്ക് ക്വട്ടേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന സമയം മാര്‍ച്ച് 14 ആണ്. ഇപ്രാവശ്യം അധികമായി 39 കിയോസ്ക്കുകള്‍ കൂടി അനുവദിച്ചിട്ടുണ്ട്. കുടിവെള്ള ക്ഷാമം ഉണ്ടാകാന്‍ സാധ്യതയുള്ള 181 കേന്ദ്രങ്ങളില്‍ ടാങ്കര്‍ ലോറി മുഖേന വെള്ളമെത്തിക്കും. കുടിവെള്ളം എത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള മുഴുവന്‍ ലോറികളിലും ജി.പി.എസ് സംവിധാനവും ഏര്‍പ്പെടുത്തും. ഡപ്യൂട്ടി കലക്ടര്‍ വി.പി മുരളീധരന്, തഹസില്‍ദാര്‍ കെ.കെ ദിവാകരന്, ഡപ്യൂട്ടി തഹസില്‍ദാര്‍ എ.വി പത്മാവതി, കലക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് ലത, പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു ജോസഫ്, ഷീജ സെബാസ്റ്റ്യന്‍, ഇന്ദിര ശ്രീധരന്, എ രാജന്, ഷേര്‍ളി അലക്സാണ്ടര്‍, സെലിന് മാണി, കെ സരസ്വതി, വി സാവിത്രി, എം.എം മോഹനന്, സി ഷൈമ, ജല അതോറിറ്റി എ.ഇമാരായ എന്‍.വി സെബാസ്റ്റ്യന്‍, പി.കെ പവിത്രന്, എം.വി നാരായണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."