സമാശ്വാസവുമായി കലക്ടര്‍ ആറളം ഫാമിലെത്തി: ആനകളെ തുരത്താന്‍ നടപടി
ഇരിട്ടി: ആദിവാസി പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്കില്‍ ആദിവാസി വീട്ടമ്മ കാട്ടാനയുടെ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് കലക്ടര്‍ മീര്‍ മുഹമ്മദലി ആറളം ഫാമിലെത്തി. കൊല്ലപ്പെട്ട അമ്മിണിയുടെ മൃതദേഹം രണ്ട് മണിക്കൂറോളം ആദിവാസി സംഘടനകള്‍ തടഞ്ഞുവച്ചിരുന്നു. ഫാമിലെ സ്ഥിതിഗതികള്‍ കലക്ടര്‍ നേരിട്ടു കണ്ടതിന് ശേഷം മൃതദേഹം സംസ്‌കരിച്ചാല്‍ മതിയെന്നായിരുന്നു ആദിവാസികളുടെ ആവശ്യം. ഇതിനെ തുടര്‍ന്നാണ് സംഭവ സമയം സ്ഥലത്തില്ലാതിരുന്ന കലക്ടര്‍ ഇന്നലെ ആറളത്തെത്തിയത്.
വന്യമൃഗങ്ങളുടെ അക്രമത്തിനിരയാകുന്നവരുടെ കുടും ബങ്ങളോട് വിവേചനം കാണിക്കില്ലെന്നും പരമാവധി സഹായം നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. ആറളം ഫാമില്‍ വിളിച്ചുചേര്‍ത്ത ആദിവാസി സംഘടന പ്രതിനിധികളുടേയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. അധികൃതരുടെ അനാസ്ഥക്കെതിരേ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതി നല്‍കി.
പുനരധിവാസ മേഖലയില്‍ ആള്‍താമസമില്ലാത്ത ഭാഗത്ത് വളര്‍ന്നു നില്‍ക്കുന്ന കാടുകള്‍ വെട്ടിമാറ്റണമെന്നും മേഖലയില്‍ പട്ടയം ലഭിച്ചിട്ടും താമസിക്കാന്‍ തയാറാകാത്തവരുടെ പട്ടയം തിരിച്ച് വാങ്ങണമെന്നും ആവശ്യം ഉയര്‍ന്നു.
പട്ടയം ലഭിച്ചവരെ അവരുടെ ഭൂമിയില്‍ സ്ഥിരതാമസമാക്കാന്‍ ആദിവാസി സംഘടനകളും ജനപ്രതിനിധികളും ശ്രമിക്കണമെന്നു കലക്ടര്‍ പറഞ്ഞു. ഫാമില്‍ താമസിക്കാനായി വരുന്നവരുടെ ഭൂമിയിലെ കാടുകള്‍ വെട്ടിതെളിച്ചു നല്‍കാന്‍ ആദിവാസി മിഷന്‍ സഹായം നല്‍കും.
നബാര്‍ഡ് സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി വഴി ആദിവാസികള്‍ക്ക് തൊഴിലും വീടില്ലാത്തവര്‍ക്ക് വീടും നല്‍കും. പട്ടയം ലഭിച്ച ഭൂമി വാസയോഗ്യമല്ലെന്ന പരാതിയുണ്ടെങ്കില്‍ പരിഹരിക്കാന്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ പ്രത്യേക അദാലത്ത് നടത്തും.
യോഗത്തില്‍ തഹസില്‍ദാര്‍ കെ.കെ ദിവാകരന്‍, ഡ പ്യൂട്ടി തഹസില്‍ദാര്‍ എ.വി പത്മാവതി, ടി.ആര്‍.ഡി.എം സൈറ്റ് മാനേജര്‍ പി.പി ഗിരീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസി. വി ഷാജി, കെ വേലായുധന്‍, കെ.ടി ജോസ്, പി.കെ കരുണാകരന്‍, കെ. മോഹനന്‍, അരുവിക്കല്‍ കൃഷ്ണന്‍, കെ.കെ ജനാര്‍ദ്ധനന്‍, പി.കെ സുരേഷ് ബാബു, കെ.ബി ഉത്തമന്‍, എം.കെ ശശി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."