ട്രംപിന്റെ തീരുമാനം ഫലസ്തീന്‍ അംഗീകരിക്കണമെന്ന് സഊദി രാജകുമാരന്‍
റിയാദ്: ഇസ്‌റാഈല്‍ അനുകൂല നിലപാടുമായി സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സമാധാനത്തിനായി ട്രംപ് മുന്നോട്ട്‌വയ്ക്കുന്ന തീരുമാനങ്ങള്‍ ഫലസ്തീന്‍ അംഗീകരിക്കണമെന്നും അല്ലെങ്കില്‍ മിണ്ടാതിരിക്കണമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
യു.എസ് അടിസ്ഥാനമാക്കിയുള്ള ജൂത സംഘടനയോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചതെന്ന് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാര്‍ച്ചില്‍ യു.എസ് സന്ദര്‍ശനത്തിനിടെ ന്യൂയോര്‍ക്കില്‍വച്ച് രഹസ്യമായി നടന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ തീരുമാനങ്ങളെ സല്‍മാന്‍ രാജാവ് നിശിതമായി വിമര്‍ശിച്ചുവെന്ന് ചാനല്‍ 10 റിപ്പോര്‍ട്ട് ചെയ്തു.
സമാധാനത്തിനായുള്ള ശ്രമങ്ങള്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഫലസ്തീന്‍ നിരസിക്കുകയാണ്. ഇതിനായുള്ള പദ്ധതികള്‍ മുഴുവന്‍ തള്ളുന്നു. സമാധാനത്തിനായി ഫലസ്തീന്‍ ചര്‍ച്ചക്കായി തയാറാവേണ്ട സമയമാണിത്. പരാതികള്‍ അവസാനിപ്പിച്ച് മൗനം പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ ആറിനാണ് ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി ട്രംപ് അംഗീകരിച്ചത്. ഇതിനെതിരേ അന്താരാഷ്ട്ര തലത്തില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ട്രംപിന്റെ തീരുമാനത്തെ അംഗീകിരിക്കാന്‍ ബിന്‍ സല്‍മാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ജറൂസലം പ്രഖ്യാപനത്തിന് ശേഷം യു.എസ് നേതൃത്വത്തിലുള്ള സമാധാന ശ്രമങ്ങളെ ഫലസ്തീന്‍ അംഗീകരിച്ചിരുന്നില്ല.
ട്രംപിന്റെ മരുമകന്‍ ജാരദ് കുഷ്‌നറുമായി ബിന്‍ സല്‍മാന്‍ മികച്ച ബന്ധമാണ് പുലര്‍ത്തുന്നത്. കൂടാതെ ഇസ്‌റാഈലിനും സ്വന്തം രാഷ്ട്രത്തെ പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന വിവാദ പ്രസ്താവനയും നേരത്തെ ബിന്‍ സല്‍മാന്‍ നടത്തിയിരുന്നു.
ഇസ്‌റാഈലുമായുള്ള നയങ്ങളില്‍ ഇതുവരെ സഊദി സ്വീകരിച്ചിരുന്ന നയങ്ങളില്‍ വ്യത്യസ്ത സമീപനമാണ് ബിന്‍ സല്‍മാന്‍ സ്വീകരിക്കുന്നത്.
ഇതിന്റെ ഭാഗമായാണ് ടെല്‍ അവീവിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാനം സഊദിക്ക് മുകളിലൂടെ സഞ്ചരിക്കാനുള്ള അനുമതി അധികൃതര്‍ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."