സുപ്രഭാതം കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം ശ്രദ്ധേയമായി
കൊച്ചി: പുതിയ തൊഴില്‍ സങ്കല്‍പത്തിന് അനുസരിച്ച് വിദ്യാഭ്യാസ രീതിയും മാറ്റിയെടുക്കാന്‍ കഴിയണമെന്ന് വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ. സുപ്രഭാതം ദിനപത്രം ആലുവ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ ആലുവയില്‍ സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടര്‍വിദ്യാഭ്യാസരംഗത്ത് ഏത് തെരഞ്ഞെടുക്കണമെന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ രക്ഷാകര്‍ത്താക്കളുടെ അജ്ഞത വിദ്യാര്‍ഥികളുടെ ഭാവി അടഞ്ഞുപോകാനിടയാക്കും.
കഴിഞ്ഞതലമുറയിലെ രക്ഷകര്‍ത്താക്കള്‍ ആഗ്രഹിച്ചത് നാട്ടില്‍ തന്നെയുള്ള സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചായിരുന്നു. ഇന്ന് അത്തരം വ്യവസായങ്ങള്‍ അടച്ചുപൂട്ടികഴിഞ്ഞു. പുകക്കുഴല്‍ വ്യവസായങ്ങളുടെ കാലം കഴിഞ്ഞു. ഇപ്പോള്‍ ന്യൂജനറേഷന്‍ നിക്ഷേപങ്ങളുടെ കാലമാണ്. അതില്‍ പ്രധാനമാണ് സ്റ്റാര്‍ട്ട്അപ്പ് വില്ലേജുകള്‍. രാജ്യത്ത് ആദ്യമായി സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് സ്ഥാപിക്കുന്നതില്‍ മുന്നില്‍ കേരളമായിരുന്നു. എന്നാല്‍ അതിന്റെ സാധ്യത പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. കുറഞ്ഞകാലയളവിനുള്ളില്‍ തന്നെ സാധാരണക്കാരുടെ മനസില്‍ ഇടം നേടിയ സുപ്രഭാതത്തിന് പുതുതലമുറയ്ക്ക് ദിശാബോധം നല്‍കുന്ന ഉദ്യമത്തിന് നേതൃത്വം നല്‍കാന്‍ കഴിയുന്നത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
സുപ്രഭാതം ഡെപ്യൂട്ടി സി.ഇ.ഒ ഐ.എം അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.
സുപ്രഭാതം ഉപരിപഠനത്തിന്റെ കൊച്ചിയിലെ വിതരണോദ്ഘാടനം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഇ.എം.നസീര്‍ ബാബു നിര്‍വഹിച്ചു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ.ജെ റിയാസ്, സുപ്രഭാതം കൊച്ചി റസിഡന്റ് മാനേജര്‍ പി.കെ അബ്ദുല്‍ മജീദ്, നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മൂസാക്കുട്ടി, ലത്തീഫ് പുഴിത്തറ, ജോണി മൂത്തേടന്‍, അഡ്വ.കെ.എം.മിജാസ് എന്നിവര്‍ സംസാരിച്ചു. സുപ്രഭാതം കൊച്ചി ബ്യൂറോ ചീഫ് ജലീല്‍ അരൂക്കുറ്റി സ്വാഗതവും റിജാസ് എ.ജെ നന്ദിയും പറഞ്ഞു. കരിയര്‍ ഗൈഡന്‍സ് രംഗത്തെ പ്രമുഖരായ മന്‍സൂര്‍അലി ടി.എം., ഫൈസല്‍ പി.സഈദ്, സൈനുല്‍ ആബിദ്, എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."