പകര്‍ച്ചവ്യാധി മരണങ്ങള്‍ കുറയ്ക്കാന്‍ നടപടി സ്വീകരിക്കണം: മന്ത്രി
തിരുവനന്തപുരം: പകര്‍ച്ചവ്യാധി മരണങ്ങള്‍ പരമാവധി കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ. ഇതിനായി ആശുപത്രി അധികൃതരും ആരോഗ്യ പ്രവര്‍ത്തകരും വളരെയധികം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ ജാഗ്രതയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീലും സംയുക്തമായി ജില്ലാതല ഉദ്യോഗസ്ഥരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ജില്ലകളില്‍ ഈ വര്‍ഷം ഏപ്രില്‍ മാസംവരെ ഉണ്ടായിട്ടുളള വിവിധ പകര്‍ച്ചവ്യാധികളുടെ സ്ഥിതി വിവര കണക്കുകള്‍ അവലോകനം ചെയ്തു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് പകര്‍ച്ചവ്യാധികളുടെ തോത് മിക്ക ജില്ലകളിലും ഗണ്യമായി കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
എന്നാല്‍ പത്തനംതിട്ട, ഇടുക്കി, കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പ്രാണിജന്യ രോഗങ്ങള്‍ക്കെതിരേയും, തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകള്‍ ജലജന്യ രോഗങ്ങള്‍ക്കെതിരേയും, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ മലമ്പനിക്കെതിരേയും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. എല്ലാ വാര്‍ഡുകളിലും 25 മുതല്‍ 50 വീടുകള്‍ക്ക് ആരോഗ്യ കര്‍മസേന രൂപീകരിച്ച് പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരുടെ യോഗം അടിയന്തരമായി വിളിച്ച് ചേര്‍ക്കണമെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടേയും ജില്ലാതല മേധാവികളുടേയും, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാരുടേയും ഒരു അവലോകന യോഗം സംഘടിപ്പിക്കണമെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."