മാവോയിസ്റ്റുകള്‍ ആദിവാസി കോളനികളില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക്
കാളികാവ്: ആദിവാസി കോളനികളില്‍ വിട്ട് മാവോയിസ്റ്റുകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക്. ആദിവാസികളുടെ ഭാഗത്തു നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിക്കാത്തതിനെ തുടന്നാണ് സംസ്ഥാനത്ത് മാവോയിസ്റ്റുകള്‍ കോളനികള്‍ വിട്ടതെന്നാണ് സൂചന.
കോഴിക്കോട് റൂറല്‍ പൊലിസ് ജില്ലയിലെ താമരശ്ശേരി പോലിസ് സ്റ്റേഷന്‍ പരിധിയില്‍ 10 ദിവസത്തിനുള്ളില്‍ നാലു വീടുകളില്‍ മാവോയിസ്റ്റുകള്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ 20 , 22, 25 തിയതികളിലായാണ് ഇവര്‍ എത്തിയത്. 25 ാം തിയതി രണ്ട് വീടുകളിലും സംഘംഎത്തിയിരുന്നു. ഒരിടത്ത് വീട്ടുകാരെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. താമരശ്ശേരി കണ്ണപ്പംകുണ്ട് ഭാഗത്തെ വീടുകളിലെത്തിയ മാവോയിസ്റ്റുകള്‍ ഒന്നും രണ്ടും മണിക്കൂറാണ് വീടുകളില്‍ ചെലവഴിച്ചിത്.
ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മാവോയിസ്റ്റുകള്‍ എത്തുന്നത്. വീടുകളിലെത്തിയ സംഘം കപ്പ വേവിച്ച് കഴിക്കുകയും അരി, ഉള്ളി, തക്കാളി, പഞ്ചസാര തുടങ്ങിയ സാധനങ്ങള്‍ ശേഖരിക്കുകയും ചെയ്തു. നാല് സ്മാര്‍ട്ട് ഫോണുകളും ഒരു ഐപാഡും ഒരു പവര്‍ ബാങ്കും ഇവര്‍ റീചാര്‍ജ് ചെയ്തിട്ടുണ്ട്.
മലയാളിയായ സോമന്‍, സുന്ദരി, ഉണ്ണിമായ, ശ്രീമതി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്്. നാല് എ.കെ 47 തോക്കുകളും ഒരു 303 ഇനത്തില്‍പ്പെടുന്ന തോക്കുമുള്‍പ്പെടെ ആയുധങ്ങളും ഇവരുടെ പക്കലുണ്ടായിരുന്നു. താമരശ്ശേരി ചുരത്തിലെ ഒന്‍പതാം വളവിനു സമീപമുള്ള മുറിയംകല്ല് ഭാഗത്തുനിന്നാണ് സംഘം എത്തിയതെന്നും പറയുന്നുണ്ട്.
20 ന് വള്ളിയാട്ട് മൂപ്പന്‍കുഴി കുഞ്ഞിമുഹമ്മദിന്റെ വീട്ടില്‍ രാത്രി പത്തരയോടെ സംഘം എത്തിയിരുന്നു. ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ച ശേഷം ഇവിടെ നിന്ന് പണവും ആവശ്യപ്പെട്ടിരുന്നു. അന്നു രാത്രി തന്നെ കണ്ണപ്പന്‍ കുണ്ട് മട്ടിക്കുന്നിലെ രാഘവന്റെ വീട്ടിലും എത്തി. 22ാം തിയതി മൂപ്പന്‍കുഴി അബ്ദുള്‍ ഖാദറിന്റെ വീട്ടിലെത്തിയ സംഘം ഭക്ഷണം പാകം ചെയ്ത് കഴിച്ച ശേഷമാണ് സ്ഥലം വിട്ടത്.
കഴിഞ്ഞ 25 ന് കണ്ണപ്പന്‍ കുണ്ട് പരപ്പന്‍പാറ കുഞ്ഞുമോന്റെ വീട്ടിലും സംഘം എത്തിയിരുന്നു. ഭക്ഷണ സാധനങ്ങള്‍ നല്‍കാത്തതിന് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മാവോയിസ്റ്റുകള്‍ എത്തിയതിന് പിന്നാലെ കുഞ്ഞുമോനും കുടുംബവും വീടുവിട്ട് പോവുകയും ചെയ്തു.
ഭക്ഷണ സാധനങ്ങള്‍ നല്‍കാത്തതിന് വീട്ടുടമസ്ഥനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ താമരശ്ശേരി പൊലിസ് കേസെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് ഈ വര്‍ഷം മാവോയിസ്റ്റുകള്‍ക്കെതിരേയുള്ള ആദ്യ കേസാണ് താമരശ്ശേരി പൊലിസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്തത്. ആയുധ നിയമമുള്‍പ്പടെ രാജ്യദ്രോഹ കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്. മാവോവാദി പ്രവര്‍ത്തകരായ സോമന്‍, സുന്ദരി, ഉണ്ണിമായ ശ്രീമതി എന്നിവരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്.
അതിനിടെ ആദിവാസി കോളനികളില്‍ നിന്ന് പിന്തുണ നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ ശേഷം കോളനികളില്‍ പ്രവേശിച്ചാല്‍ മതിയെന്ന് ഇവര്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
ഉള്‍വനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മാവോയിസ്റ്റുകള്‍ ഇതോടെയാണ് ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തിതുടങ്ങിയതെന്നും പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."