സകാത്ത് പാവപ്പെട്ടവന്റെ അവകാശമാണ്
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ മൂന്നാമത്തേതാണ് സകാത്ത്. സകാത്തിന്റെ വിഷയത്തില്‍ പരിശുദ്ധ ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ നിര്‍ബന്ധ കല്‍പനയുണ്ട്. ഒരിടത്ത് ഇപ്രകാരം പറയുന്നു. 'സകാത്ത് നല്‍കാത്ത പരലോകത്തെ നിഷേധിക്കുന്ന ബഹുദൈവ വിശ്വാസികള്‍ക്കാണ് സകല നാശവും (വി.ഖുര്‍ആന്‍ 41-7) സകാത്ത് നല്‍കാത്തത് മുസ്‌ലിമിന് ചേര്‍ന്നതല്ലെന്നും പരലോകത്തില്‍ വിശ്വസിക്കാത്ത മുശ്‌രിക്കുകളുടെ സ്വഭാവമാണെന്നും ഈ ഖുര്‍ആന്‍ വചനം ധ്വനിപ്പിക്കുന്നു.
ചില പ്രത്യേക വസ്തുക്കളില്‍ മാത്രമേ സകാത്ത് നിര്‍ബന്ധമുള്ളൂ. അവയുടെ സംക്ഷിപ്ത രൂപം.1) സ്വര്‍ണം: 85ഗ്രാം അതായത് പത്തുപവനും 5ഗ്രാമും സ്വര്‍ണം ഒരാളുടെ കൈവശം ഒരു വര്‍ഷം പൂര്‍ണമായി ഉണ്ടെങ്കില്‍ അതിന് സകാത്ത് കൊടുക്കണം. അതിന്റെ നാല്‍പതില്‍ ഒരു ഭാഗം മാത്രമാണ് സകാത്ത് നല്‍കേണ്ടത്. 2) വെള്ളി: 595ഗ്രാം വെള്ളി ഒരാളുടെ കൈവശം ഒരുവര്‍ഷം പൂര്‍ണമായും ഉണ്ടെങ്കില്‍ അതിനും സ്വര്‍ണത്തിനു കൊടുത്തതുപോലെ 40ല്‍ ഒരുഭാഗം നല്‍കണം. 3) നാണയങ്ങള്‍: മുന്‍കാലങ്ങളില്‍ സ്വര്‍ണവും വെള്ളിയും തന്നെയായിരുന്നു നാണയങ്ങള്‍. എന്നാല്‍ ഇന്ന് അതിന്റെ സ്ഥാനത്ത് ഉപയോഗിച്ചു വരുന്നത് ഡോളര്‍, ദിര്‍ഹം, റിയാല്‍, രൂപ തുടങ്ങിയ നോട്ടുകളും നാണയങ്ങളുമാണല്ലോ, അതിനാല്‍ സ്വര്‍ണത്തിന്റെയോ വെള്ളിയുടെയോ വില കണക്കാക്കിയാണ് കറന്‍സി നോട്ടുകള്‍ക്കും നാണയങ്ങള്‍ക്കും സകാത്ത് കൊടുക്കേണ്ടത്.
എന്നാല്‍ സ്വര്‍ണത്തിന് വെള്ളിയേക്കാള്‍ വില ഇന്ന് വളരെയധികം കൂടിയതിനാല്‍ വെള്ളിയുടെ വിലയാണ് നാണയങ്ങളുടെ സകാത്തിന് ഇന്ന് കണക്കാക്കപ്പെടേണ്ടത്. അഥവാ 595ഗ്രാം വെള്ളിയുടെ വിലയോ അതില്‍ കൂടുതലോ പണം ഒരാളുടെ അധീനത്തില്‍ ഒരു കൊല്ലം പൂര്‍ണമായും ഉണ്ടായാല്‍ അതിന്റെ 40ല്‍ ഒരു ഭാഗം സകാത്ത് കൊടുക്കണം. മേല്‍ പറഞ്ഞപ്രകാരമുള്ള സംഖ്യ കടം നല്‍കിയത് ലഭിക്കാനുണ്ടെങ്കില്‍ അതിനും സകാത്ത് കൊടുക്കേണ്ടതാണ്. അതുപോലെ മേല്‍പറഞ്ഞ പ്രകാരമുള്ള സംഖ്യ സ്വത്തിനോ മറ്റോ അഡ്വാന്‍സ് നല്‍കിയിട്ടുണ്ടെങ്കില്‍ ഒരു വര്‍ഷം തികയുമ്പോള്‍ അതിനും സകാത്ത് കൊടുക്കേണ്ടതാണ്.
ജോലിക്കോ കോഴ്‌സുകള്‍ക്കോ കെട്ടിവയ്ക്കുന്ന സംഖ്യ സക്കാത്തിന്റെ തുകയുണ്ടങ്കില്‍ ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ സകാത്ത് നല്‍കേണ്ടതാണ്. കുറിവയ്ക്കുന്ന സംഖ്യക്കും വര്‍ഷവും തികയുമ്പോള്‍ സകാത്ത് കൊടുക്കേണ്ടിവരും. 4) കച്ചവടം: കച്ചവടം ആരംഭിക്കുമ്പോള്‍ തുടങ്ങുന്ന തിയതി കുറിച്ചുവയ്ക്കണം. അങ്ങിനെ ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന ദിവസം ഷോപ്പിലെ എല്ലാ കച്ചവട സാധനങ്ങളുടെയും ആദിവസത്തെ മാര്‍ക്കറ്റ് നിലവാരമനുസരിച്ചുള്ള വിലകെട്ടുകയും അത് വെള്ളിയുടെ സകാത്തില്‍ പറഞ്ഞ 595ഗ്രാം വെള്ളിയുടെ വിലക്ക് സമാനമായോ അതില്‍ കൂടുതലോ ഉണ്ടെങ്കില്‍ അതിന്റെ രണ്ടര ശതമാനം അതവാ നാല്പതില്‍ ഒരു ഭാഗം സകാത്തായി നല്‍കേണ്ടതാണ്.
5) മറ്റു ഇനങ്ങള്‍ : ആട്, മാട്, ഒട്ടകം എന്നീ മൂന്നു തരം കന്നുകാലികള്‍ക്ക് സകാത്ത് നല്‍കേണ്ടതുണ്ട്. നെല്ല്, ഗോതമ്പ് പോലുള്ള കൃഷി വിളകള്‍ക്കും സകാത്ത് നല്‍കേണ്ടതുണ്ട്. അടയ്ക്ക, തേങ്ങ, കുരുമുളക്, കശുവണ്ടി തുടങ്ങിയ സാധനങ്ങള്‍ക്കും ഭൂസ്വത്തിനും സകാത്ത് നല്‍കേണ്ടതില്ല. അവയില്‍ നിന്നും ലഭിക്കുന്ന വരുമാനം 595ഗ്രാം വെള്ളിയുടെ വിലക്ക് സമാനമാവുകയും ആസംഖ്യ ഒരു കൊല്ലം പൂര്‍ണ അധീനത്തില്‍ ഉണ്ടാവുകയും ചെയ്താല്‍ സകാത്ത് കൊടുക്കണം.
6) റിയല്‍ എസ്റ്റേറ്റുകാര്‍: പറമ്പുകള്‍ക്കും കെട്ടിടങ്ങള്‍ക്കും സകാത്ത് നല്‍കേണ്ടതില്ലെങ്കിലും വില്‍പനയ്ക്ക് വാങ്ങിവച്ചതിനാല്‍ റിയല്‍ എസ്റ്റേറ്റുകാര്‍ അവയ്ക്ക് ഒരു കൊല്ലം തികയുമ്പോള്‍ അന്നത്തെ വില കണക്കാക്കി കച്ചവടത്തിന്റെ സകാത്ത്് നല്‍കേണ്ടതാണ്.
ഖുര്‍ആനില്‍ പറയപ്പെട്ട എട്ടുവിഭാഗം അവകാശികളില്‍ പെട്ടവര്‍ക്കാണ് എല്ലാ സകാത്തുകളും നല്‍കേണ്ടത്. സകാത്ത് മുതലുകള്‍ അവകാശികള്‍ വന്നു വാങ്ങുന്നതുപോലെ തന്നെ എത്തിച്ചു കൊടുക്കാനും കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ പറഞ്ഞതിന് വിരുദ്ധമല്ലാത്ത മാര്‍ഗം സ്വീകരിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."