സഊദിയില്‍ ലോകോത്തര വിനോദ പരിപാടികള്‍ക്ക് കരാര്‍
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: ലോകോത്തര വിനോദ പരിപാടികളുടെ പ്രധാന കേന്ദ്രമായി സഊദി മാറുന്നു. സ്റ്റേജ് ഷോകളും, ഡാന്‍സും, മാജികും ഉള്‍പ്പെടെ വിവിധ വിനോദ പരിപാടികള്‍ രാജ്യത്ത് കൊണ്ട് വരുന്നതിലൂടെ വന്‍ സാമ്പത്തിക നിക്ഷേപമാണ് സഊദി ലക്ഷ്യമിടുന്നത്. വിനോദ മേഖലയിലെ ബ്രിട്ടീഷ്അമേരിക്കന്‍ കമ്പനികളുമായി സഹകരിച്ചു പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിനു ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി ആലുശൈഖ് ലണ്ടനില്‍ വിവിധ കരാറുകളില്‍ ഒപ്പുവെച്ചു. നിലവില്‍ പ്രഖ്യാപിച്ച അയ്യായിരം വിനോദ പരിപാടികള്‍ക്ക് പുറമെയാണ് പദ്ധതി. പാശ്ചാത്യന്‍ രാഷ്ട്രങ്ങളിലെ വിനോദ പരിപാടികള്‍ രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ് പദ്ധതികള്‍.
മൈക്കിള്‍ ജാക്സന്റെ സംഗീതമുപയോഗിച്ചുള്ള പ്രോഗ്രാം, സ്റ്റേജ് ഷോകള്‍, ലോകത്തോര ലൈവ് മാജിക ഷോകള്‍, തുറന്ന വേദികളില്‍ സിനിമാ പ്രദര്‍ശനം, സര്‍ക്കസ്, വാഹനയോട്ട മത്സരങ്ങള്‍ എന്നിവക്കാണ് കരാര്‍ ഒപ്പു വെച്ചത്. ആഗോള തിയ്യേറ്റര്‍ പ്രദര്ഷനതിനായി ഫ്ളൈയിംഗ് മ്യൂസിക് കമ്പനി, മായാജാല പ്രദര്‍ശനത്തിനു പ്രശസ്ത ബ്രിട്ടീഷ് മജീഷ്യന്‍ ഡൈനാമൊ, ദി വര്‍ക്സ് കമ്പനി, ഓപ്പണ്‍ എയര്‍ സിനിമക്കായി ലൂന സിനിമ, മൊബൈല്‍ എജ്യുക്കേഷനല്‍ എക്സിബിഷനുകള്‍ നടത്തുന്നതിന് ഇന്‍വെന്‍ഷന്‍സ് 1001, രണ്ടു മൊബൈല്‍ തിയേറ്ററുകള്‍ സ്ഥാപിക്കുന്നതിന് ടീം പാര്‍ട്ണര്‍ ത്രീ, പശ്ചാത്തല സൗകര്യങ്ങള്‍ക്ക് ദുറത് റിയാദ്, ദുറത് അല്‍അറൂസ്, ലോകത്തെ ഏറ്റവും വലിയ വീഡിയോ ഗെയിം സെന്റര്‍ സ്ഥാപിക്കുന്നതിന് ഇന്സോമാനിയയുമായും വീഡിയോ ഗെയിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതിന് ഡോട്ടാ 2 വുമായും മൊബൈല്‍ അമ്യൂസ്മെന്റ് സിറ്റികള്‍ സ്ഥാപിക്കുന്നതിന് മെല്ലോഴ്സ് ഗ്രൂപ്പുമായുമാണ് കരാറുകളില്‍ ഒപ്പ് വെച്ചത്.
കൂടാതെ, പൊതു ജനങ്ങളെ ലക്ഷ്യമാക്കിയുള്ള ഓപണ്‍ ഇന്ററാക്ടീവ് പ്രദര്‍ശനങ്ങള്‍ക്കായി സംഘടിപ്പിക്കുന്നതിന് പോലീസ് അക്കാഡമി,സൈനികരുടെ പങ്കാളിത്തത്തോടെ ചലഞ്ച് പ്രോഗ്രാം സംഘടിപ്പിക്കുന്നതിന് ഹിസ്റ്ററി ചാനലിന്റെ അള്‍ട്ടിമേറ്റ് സോള്‍ജിയര്‍ ചലഞ്ച്, ഫെറാരി പ്രദര്‍ശനത്തിനു ഫെറാരി ഫെസ്റ്റിവല്‍, മൊബൈല്‍ അമ്യൂസ്മെന്റ് സിറ്റികള്‍, മെഴുകു പ്രതിമാ മ്യൂസിയം സ്ഥാപിക്കുന്നതിന് മാഡം ടു സോഡ്സ് ഉടമകളായ മെര്ലിന് എന്റര്ടൈന്മെന്റുമായും ദി കളര്‍ റണ്‍ മത്സരം സംഘടിപ്പിക്കുന്നതിന് ഐ.എം.ജി കമ്പനിയുമായും തുര്‍ക്കി ആലുശൈഖ് കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. റമദാനില്‍ വിവിധ പ്രവിശ്യകളില്‍ റമദാന് വിനോദ തമ്പുകള്‍ സജ്ജീകരിക്കുന്നതിന് ഡിസൈന്‍ ലാബ് എക്സിപീരിയന്സുമായും കരാറുണ്ട്. എണ്ണ വിപണിയെ ആശ്രയിക്കാതെ എണ്ണേതര വരുമാനം ലക്ഷ്യം വെച്ചാണ് വിവിധ പദ്ധതികള്‍ക്കായി സഊദി ഭരണകൂടം ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."