കേരളം രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാകും: മന്ത്രി സി. രവീന്ദ്രനാഥ്
മാവൂര്‍: അടുത്ത പ്രവേശനോത്സവത്തോടെ കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമാകുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സജ്ജീകരിച്ച സമ്പൂര്‍ണ ക്ലാസ് ലൈബ്രറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചക്രവാളത്തോളം ഉയര്‍ന്നു ചിന്തിക്കാനും സര്‍ഗശേഷി ഉണര്‍ത്താനും കുട്ടികളെ പ്രാപ്തമാക്കുന്നതാകണം വിദ്യാഭ്യാസം. ഇത്തരമൊരു പാഠ്യപദ്ധതിയാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഏറ്റവും മികച്ച പാഠ്യപദ്ധതി കേരളത്തിന്റേതാകണം. ഏറ്റവും നല്ല പഠനം നടക്കുന്നത് എവിടെയാണെന്ന ചോദ്യത്തിനു സര്‍ക്കാര്‍ വിദ്യാലയങ്ങളിലാണെന്ന ഉത്തരം കിട്ടുന്നവിധം വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തും. ജൂണ്‍ ഒന്നിനു സ്‌കൂള്‍ തുറക്കുമ്പോഴേക്കും സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും ഹൈടെക് വിദ്യാലയങ്ങളാകുമെന്നും മന്ത്രി പറഞ്ഞു. അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ അധ്യക്ഷനായി. പുസ്തകപ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ്, പഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ രവികുമാര്‍ പനോളി, കെ. കവിതാ ഭായ്, രാജി ചെറുതൊടികയില്‍, ഇ.കെ സുരേഷ് കുമാര്‍, വി.പി. മിനി, എന്‍. അജയകുമാര്‍, എം.ടി കുഞ്ഞിമൊയ്തീന്‍കുട്ടി സംസാരിച്ചു. പ്രധാനാധ്യാപകന്‍ കെ.സി സത്യാനന്ദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്. ശിവദാസന്‍, സീനിയ ദാസ് എന്നിവരെ മന്ത്രി ആദരിച്ചു. ഡോ. വി. പരമേശ്വരന്‍, എ. ലേഖ എന്നിവര്‍ മന്ത്രിക്കു മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പിച്ചു. പി.ടി.എ പ്രസിഡന്റ് കെ. ചന്ദ്രന്‍, സീനിയര്‍ അസി. യു.സി. ശ്രീലത എന്നിവര്‍ ഉപഹാരം സമര്‍പ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എം. ധര്‍മ്മജന്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ ടി.എം ശൈലജാ ദേവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."