നെയ്യാര്‍ ഡാം ലയണ്‍ സഫാരി പാര്‍ക്കിലെ പെണ്‍ സിംഹം ചത്തു
കാട്ടാക്കട: നെയ്യാര്‍ ഡാം ലയണ്‍ സഫാരി പാര്‍ക്കിലെ അവശേഷിച്ച രണ്ടു പെണ്‍ സിംഹങ്ങളില്‍ ഒരെണ്ണം ചത്തു. 19 വയസുള്ള സിന്ധു എന്ന പെണ്‍ സിംഹമാണ് ഇന്നലെ ഉച്ചയോടെ ചത്തതെന്ന് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേഷ്‌കുമാര്‍ പറഞ്ഞു.
ഇനി ലയണ്‍ സഫാരി പാര്‍ക്കില്‍ അവശേഷിക്കുന്നത് ബിന്ദു എന്ന പെണ്‍ സിംഹമാണ്. 35 വര്‍ഷം മുന്‍പാണ് ഡാമില്‍ ലയണ്‍ സഫാരി പാര്‍ക്ക് ആരംഭിച്ചത്. പതിനെട്ടോളം സിംഹങ്ങള്‍ ഉണ്ടായിരുന്ന ഇവിടെ രണ്ടു വര്‍ഷം മുന്‍പ് അവസാനമായി ഉണ്ടായിരുന്ന ആണ്‍ സിംഹവും ചത്തിരുന്നു. അവശേഷിച്ച ഇരട്ട സിംഹങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ വാര്‍ധക്യ അവശതയില്‍ ചത്തത്. കഴിഞ്ഞ കുറേ കാലങ്ങളായി സഫാരി പാര്‍ക്കില്‍ സിംഹങ്ങളെ കാണാന്‍ എത്തുന്നവര്‍ക്ക് അപൂര്‍വമായി മാത്രമേ സിംഹത്തിനെ കാണാന്‍ കഴിയുമായിരുന്നുള്ളൂ.
ഗുജറാത്തില്‍നിന്നു കൂടുതല്‍ സിംഹങ്ങളെ ഇവിടെ എത്തിക്കാന്‍ പദ്ധതി ഉണ്ടായിരുന്നു. എങ്കിലും ഇതുവരെയും നടപടിയില്ലാത്ത അവസ്ഥയാണ്. ഇതോടെ നെയ്യാര്‍ ഡാം ലയണ്‍ സഫാരി പാര്‍ക്ക് വൈകാതെ അടച്ചുപൂട്ടാനുള്ള സാധ്യതയിലേക്ക് നീങ്ങുകയാണ്. സിംഹ സഫാരിയില്‍ ബിന്ദുവിനെ കൂടാതെ ചികിത്സയ്ക്കായി എത്തിച്ച കടുവയും ഇപ്പോള്‍ ഉണ്ട്. വന്യ മൃഗങ്ങളുടെ പുനരധിവാസ കേന്ദ്രമാക്കാനുള്ള നീക്കവും നടക്കുന്നതായി സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."