തീരദേശമേഖലയില്‍ ഗ്രീന്‍ കോറിഡോര്‍; ആശങ്കകള്‍ പരിഹരിക്കണം: രമേശ് ചെന്നിത്തല
കൊല്ലം: തീരദേശമേഖലയില്‍ ഗ്രീന്‍ കോറിഡോര്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കടലോര കുടുംബങ്ങളെ ഒഴിപ്പിച്ചുകൊണ്ടുള്ള തീരദേശ ഹൈവേ (ഗ്രീന്‍ കോറിഡോര്‍) ഒഴിവാക്കുക, കടല്‍ മണല്‍ ഘനനത്തിനുള്ള സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക തുടങ്ങിയാവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രീന്‍ കോറിഡോര്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ കടലിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരുടെ ജീവിതം ദുരിതപൂര്‍ണമാകും. ഗ്രീന്‍ കോറിഡോര്‍ പോലെ തന്നെ വളരെ ഗൗരവമുള്ള വിഷയമാണ് കടല്‍മണല്‍ ഘനനം നടത്താനുളള സര്‍ക്കാര്‍ നീക്കവും. ഇത് മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടപ്പാക്കിവേണം നടപ്പാക്കാനെന്ന് രമേശ് ചെന്നിത്തല സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന മത്സ്യഫെഡിനെ പിരിച്ചുവിട്ട സര്‍ക്കാരിന്റെ ഏകാധിപത്യപരമായ നിലപാട് ശരിയല്ല. ഇതിനെതിരെ മത്സ്യത്തൊഴിലാളികള്‍ അതിശക്തമായ സമരപരിപാടികള്‍ ആവഷ്‌കരിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ ആദ്യം തന്നെ മത്സ്യത്തൊഴിലാളികളെ ശരിയാക്കിയെന്ന് മാര്‍ച്ചിനെ അഭിസംബോധന ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മത്സ്യത്തൊഴിലാളികളെ മുഴുവന്‍ ബി.പി.എല്‍. ലിസ്റ്റില്‍പ്പെടുത്തി സൗജന്യ നിരക്കില്‍ അരിയും മണ്ണെണ്ണയും നല്‍കി. യു.ഡി.എഫ് എല്ലാ കാലത്തും മുന്‍ഗണന നല്‍കിയത് മത്സ്യത്തൊഴിലാളികള്‍ക്കാണ്. കാരണം അവര്‍ അത്രയധികം ബുദ്ധിമുട്ട് സഹിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കെ.പി.സി.സി സെക്രട്ടറി എ.കെ. രാജു, ആര്‍. ഓസ്റ്റിന്‍ ഗോമസ്, ജി. ലീലാകൃഷ്ണന്‍, ആര്‍. ഗംഗാധരന്‍, ബിജു ലൂക്കോസ്, രാജന്‍, എ.കെ. ബേബി, അഡോള്‍ഫ് മോറായിസ്, പി. അലാവുദ്ദീന്‍, എ.സി. ക്ലാരന്‍സ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."