ഡല്‍ഹിയില്‍ ഡോക്ടര്‍ക്ക് കൊവിഡ്; 900 പേര് നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കമ്യൂണിറ്റി ക്ലിനിക്കില്‍ ചികിത്സ നടത്തുന്ന ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ തൊള്ളായിരത്തോളം പേര് ഇപ്പോള്‍ നിരീക്ഷണത്തിലാണ്. മാര്‍ച്ച് പത്തിനു സഊദിയില്‍നിന്നു തിരിച്ചെത്തിയ ഒരു സ്ത്രീ ക്ലിനിക്കിലെത്തിയിരുന്നെന്നു ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജയ്ന്‍ പറഞ്ഞു.
ഡോക്ടറുമായി ക്ലിനിക്കിലെത്തിയും അല്ലാതെയും സമ്പര്‍ക്കം പുലര്‍ത്തിയവരെ 14 ദിവസത്തേയ്ക്ക് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ ഡോക്ടറുടെ ഭാര്യയ്ക്കും യുവതിയായ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
മാര്‍ച്ച് 12നാണ് സഊദിയില്‍ നിന്നെത്തിയ യുവതി ക്ലിനിക്കിലെത്തിയിരുന്നത്. 38കാരിയായ ഇവര്‍ക്കു മാര്‍ച്ച് 17നു കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
തുടര്‍ന്നാണ് ഡോക്ടര്‍ നിരീക്ഷണത്തിലായതും പിന്നീട് ഇദ്ദേഹത്തിനും കുടുംബത്തിനും രോഗം സ്ഥിരീകരിച്ചതും. സഊദിയില്‍നിന്നു തിരിച്ചെത്തിയ യുവതിയുടെ മാതാവ്, സഹോദരന്, രണ്ടു പെണ്മക്കള്, ഒരു ബന്ധു എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹി വിമാനത്താവളത്തില്‍ യുവതിയെ സ്വീകരിക്കാനെത്തിയത് ഇവരായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇവരുടെ അയല്പക്കത്ത് താമസിക്കുന്ന നൂറോളം പേരും നിരീക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."