പുത്തന്‍ചിറ പഞ്ചായത്ത് ഭരണ സമിതി തീരുമാനം നിര്‍ണായകം
പുത്തന്‍ചിറ: നിര്‍മാണം തുടങ്ങി ഏഴ് വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തീകരിക്കാത്ത കരിങ്ങാച്ചിറ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം പൂര്‍ത്തീകരണം ഇനി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനത്തില്‍ നിക്ഷിപ്തം. പാലം നിര്‍മാണം പൂര്‍ത്തീകരിക്കാനും അപ്രോച്ച് റോഡ് നിര്‍മാണത്തിനും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായകമായ തീരുമാനം എടുക്കേണ്ട പുത്തന്‍ചിറ പഞ്ചായത്ത് ഭരണ സമിതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. അപ്രോച്ച് റോഡ് നിര്‍മാണത്തിനായി ഏറ്റെടുക്കേ ണ്ടി വരുന്ന തൊട്ടടുത്തുള്ള മസ്ജിദിന് വേണ്ടി വഖഫ് ചെയ്യപ്പെട്ട ഭൂമിക്ക് പകരം പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഭൂമി വഖഫ് ബോര്‍ഡിന് കൈമാറുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനമെടുക്കുന്നതിനായി പഞ്ചായത്ത് മെമ്പര്‍മാരുടെ യോഗം തിങ്കളാഴ്ച നടക്കും .
അതിനിടെ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്ന വഖഫ് ഭൂമിക്ക് പകരം പഞ്ചായത്ത് അധീനതയിലുള്ള ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് കൊണ്ട് കരിങ്ങാച്ചിറ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആയിരം ആളുകള്‍ ഒപ്പിട്ട നിവേദനം പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കി . ഇതിനെ തുടര്‍ന്ന് ചേര്‍ന്ന അടിയന്തിര പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ വളരെ ഗൗരവമുള്ള വിഷയത്തെ സംബന്ധിച്ച് ഒരു തീരുമാനമെടുക്കാതെ നീട്ടിയതില്‍ കരിങ്ങാച്ചിറ ജനകീയ കൂട്ടായ്മയുടെ സെക്രട്ടറി യു കെ വേലായുധന്‍ പ്രതിഷേധിച്ചു.
പുത്തന്‍ചിറ മാള പൊതുമരാമത്ത് റോഡില്‍ ഗതാഗതം സുഗമമാക്കുന്നതിനും നൂറുകണക്കിന് ഏക്കര്‍ കൃഷി ഭൂമിയെയും കുടിവെള്ള സ്രോതസുകളെയും ഉപ്പ്,വെള്ള ഭീഷണിയില്‍ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടിയുമാണ് ഏഴ് വര്‍ഷം മുന്‍പ് കരിങ്ങാച്ചിറ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം ആരംഭിച്ചത്.
നിര്‍ഭാഗ്യവശാല്‍ കരാറുകാരന്റെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടേയും അനാസ്ഥ കാരണം ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കേണ്ട പാലം നിര്‍മാണം ഏഴ് വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാകാതെ കിടക്കുകയാണ് . കരിങ്ങാച്ചിറ പാലം നിര്‍മാണത്തിനായി ഏറ്റെടുക്കുന്ന വഖഫ് ഭൂമിക്ക് പകരം ഭൂമി നല്‍കണമെന്ന കാണിച്ച് വഖഫ് ട്രെബ്യൂണല്‍ കോടതി മൂന്ന് വര്‍ഷം മുന്‍പ് നല്‍കിയ നോട്ടീസിന് മറുപടി നല്‍കാതെ മറച്ച് വച്ച് പാലം പണി തടസപ്പെടാന്‍ ഇടയാക്കിയത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരാണ്. എന്നാല്‍ പള്ളിയുമായി ബന്ധപ്പെട്ടവര്‍ നല്‍കിയ കേസാണ് പാലം പണിക്ക് തടസമെന്ന കുപ്രചരണം അഴിച്ച് വിട്ട് സമൂഹത്തില്‍ ചേരിതിരിവ് സ്യഷ്ടിക്കാനുള്ള നീക്കവും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായതായി കരിങ്ങാച്ചിറ കൂട്ടായ്മയുടെ പ്രസിഡന്റ് സാലി സജീര്‍ പറഞ്ഞു .
കരിങ്ങാച്ചിറ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണത്തിലുള്ള എല്ലാ തടസങ്ങളും നീക്കാന്‍ സഹായിക്കാമെന്ന നിലയില്‍ രംഗത്ത് വന്ന കരിങ്ങാച്ചിറ കൂട്ടായ്മയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഒടുവില്‍ പാലം പണി ഇപ്പോള്‍ പുനരാരംഭിച്ചിട്ടുള്ളത്.
പുത്തന്‍ചിറ പഞ്ചായത്ത് ഭൂമി വിട്ട് നല്‍കാന്‍ തയ്യാറാകാതിരുന്നാല്‍ കരിങ്ങാച്ചിറ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം അനന്തമായി നീളുന്ന സാഹചര്യമുണ്ടാകും .പഞ്ചായത്ത് തീരുമാനം പ്രതികൂലമായാല്‍ ശക്തമായ സമര പരിപാടികള്‍ക്ക് നാട്ടുകാര്‍ നിര്‍ബന്ധിതരാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."