'മുതുകില്‍ അടിപ്പാടിന്റെ വേദന ഒരു നീറ്റലായി ഇപ്പോഴും അവശേഷിക്കുന്നുണ്ട്, വീട്ടിലെത്തിയിട്ടു വേണം മുറിപ്പാടെത്രയുണ്ടെന്ന് ഷര്‍ട്ടഴിച്ചു നോക്കാന്‍ '
കോഴിക്കോട്: ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ കടയില്‍ പോവാന്‍ അനുമതിയുണ്ടെന്നാണ് മുഖ്യമന്ത്രിയും പൊലീസും പറയുന്നത്. എന്നാല്‍ പല സ്ഥലങ്ങളിലും അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ പോവുമ്പോള്‍ പോലും പൊലീസ് അടിച്ചോടിക്കുകയാണ്. വല്ലപ്പുഴയില്‍ ഭക്ഷണ വസ്തുക്കള്‍ വാങ്ങാന്‍ പോയപ്പോള്‍ പൊലീസ് അടിച്ചതിന്റെ അനുഭവമാണ് ഉമര്‍ മലയില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
അടി മേടിച്ചവരില്‍ ഞാനും..
...............................................
കാലത്ത് പത്ത് മണിയോടെ ആഹാര സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി, സ്ഥിരം പോകാറുള്ള പലചരക്ക് കടയിലെത്തിയപ്പോള്‍ ഷട്ടറും താഴ്തി പുള്ളി വീട്ടിലിരിപ്പ്.
'സ്റ്റോക്ക് തീര്‍ന്നിരിക്കുന്നു'
എന്ന ബോര്‍ഡും...
(ഓര്‍ക്കണം ഞങ്ങള്‍ മേലെപൊട്ടച്ചിറ നിവാസികള്‍ ഉപ്പുമുതല്‍ കര്‍പ്പൂരം വരെ വാങ്ങാന്‍ ആശ്രയിക്കുന്ന ഒരെ ഒരു പല വ്യജ്ഞനകടയാണ്, അടഞ്ഞു കിടക്കുന്നത്, അവശ്യവസ്തുക്കള്‍ക്ക് ഒരു മുടക്കവും വരില്ലെന്ന്, കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും നാഴിക്കു നാപ്പത് വട്ടം പറയുമ്പോളും)
ബൈക്ക് എടുത്ത് ഉടനെ രണ്ട് കിലോമീറ്റര്‍ അപ്പുറത്തുള്ള (വല്ലപ്പുഴ) അങ്ങാടിയിലേക്ക് പോയി.
അത്യാവശ്യ വിഭാഗത്തില്‍ പെട്ട ഭൂരിഭാഗം കടകള്‍ പോലും അടഞ്ഞ് കിടപ്പാണവിടെ.., കാരണം ഭക്ഷ്യസാധനങ്ങളുടെ ദൗര്‍ലഭ്യം തന്നെ.
മോശം പറയാനില്ലാത്തവണ്ണം, അടിപിടിക്ക് പേരുകേട്ട നാടായതു കൊണ്ടായിരിക്കാം ലോക് ഡൗണ്‍പ്രഖ്യാപിച്ച അന്ന് തൊട്ടെ
വല്ലപ്പുഴയില്‍ സ്ഥിരം പോലീസ് പാറാവുമുണ്ട്.
എന്നിരുന്നാലും ആഹാര സാധനങ്ങള്‍ അനിവാര്യ ഘടകമല്ലേ,
അത് വാങ്ങാന്‍ എന്ത് വിലക്ക്..?
കൂടെ സര്‍ക്കാറിന്റെ ഉറപ്പും..
അരി കിട്ടിയാല്‍ കഞ്ഞി വെള്ളമെങ്കിലും കുടിച്ച് വയറ് നിറക്കാലോ..?
ഇത്തരം ക്ഷാമം മുന്നില്‍ കണ്ട് അയല്‍വാസികളില്‍ ഭൂരിഭാഗവും
ഭക്ഷണ സാധനങ്ങള്‍ മുന്‍കൂട്ടി വാങ്ങി വെച്ചപ്പോള്‍, സര്‍ക്കാറിന്റെ വാക്കും വിശ്വസിച്ച് നിഷ്‌ക്രിയനായിരുന്ന ഞാനെത്ര വിഢി..?
ആലോചിച്ച് നടക്കുന്നതിനടയില്‍ ആണ് അടഞ്ഞ് കിടക്കുന്ന, ഒരു കടയില്‍ നിന്നും ആളനക്കം കണ്ടത്. എന്നെ ശ്രദ്ധയില്‍ പെട്ടതും പരിചയക്കാരനായ കട ഉടമ എനിക്കും വാതില്‍ തുറന്നു തന്നു.
(എന്നെ പോലെ നാലഞ്ച് പേര്‍ വേറെയുമുണ്ടവിടെ )
'മന്‍സൂറെ ഒരു പത്ത് കിലോ അരി '
' അയ്യോ അരി പാടെ കഴിഞ്ഞല്ലോ ഉമ്മറാക്കാ'
'ന്നാ അഞ്ചുകിലോ പഞ്ചാര താ'
'ഇല്ല ട്ടോ ഏറി വന്നാ രണ്ട് കിലോ '
കിട്ടിയതാവട്ടെ എന്നും ധരിച്ച്,
മന്‍സൂര്‍ തന്ന സാധനങ്ങള്‍ സഞ്ചിയില്‍ ഒതുക്കുന്നതിനിടയിലാണ്,
പുറത്ത് അതു വഴി ആവശ്യത്തിനും അനാവശ്യത്തിനും വരുന്നവരെ,
ഒരു പോലെ ഓടിപ്പിച്ചടിക്കുന്ന പോലീസ്...
കൂട്ടത്തില്‍ ഒരു സാര്‍ കടക്ക് മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന എന്റെ ബൈക്കിന്റെ ചാവിയും എടുത്ത് പോക്കറ്റിലിട്ട് നടന്നു പോകുന്നത് കണ്ടു.
അത്യാവശ്യ സാധനങ്ങള്‍ മേടിക്കാന്‍ വന്നതല്ലേ സാധനങ്ങളും കൈയിലുണ്ടല്ലോ എന്ന ധൈര്യത്തിലാണ് ചാവി ആവശ്യപ്പെട്ട് ഞാന്‍ പോലീസുകാരുടെ അടുത്തേക്ക് ചെന്നത്...
'സാര്‍ എന്റെ ബൈക്കിന്റെ ചാവി.
കണ്ടില്ലേ ഞാന്‍ വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ വന്നതാണ് '
'എന്നിട്ട് ചാവി വണ്ടിയിലാണോടാ വെക്കുക. ന്നാ പോ'
ചാവി വാങ്ങി പിന്തിരിഞ്ഞതും
പുറത്തേറ്റ പ്രഹരം...
വിശ്വാസിക്കാനായില്ല.
വേദനയെക്കാളേറെ പരിചയമുള്ള പലരും അതു നോക്കി കാണുന്നുണ്ട് എന്ന സങ്കടം.
മുതുകില്‍ ആ അടിപ്പാടിന്റെ വേദന ഒരു നീറ്റലായി ഇതെഴുതുമ്പോളും അവശേഷിക്കുന്നുണ്ട്. ഇനി വീട്ടിലെത്തിയിട്ടു വേണം മുറിപ്പാടെത്ര മാത്രമുണ്ടെന്ന് ഷര്‍ട്ടഴിച്ചു നോക്കാന്‍....
നിയമ വ്യവസ്ഥിതിയെ പൂര്‍ണ്ണമായും അനുകൂലിക്കുന്ന ഒരു വ്യക്തി എന്ന നിലക്ക് ഇരു സര്‍ക്കാറുകളോടും ഒരു അപേക്ഷയുണ്ട്.
അത്യാവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കൂടി ബന്ധപ്പെട്ടവര്‍ ഉടനെ കണ്ടെത്തുക. അല്ലെങ്കില്‍ എന്നെ പോലത്തെ പല നിരപരാധികളും ഇനിയും ഇതുപോലെ അടി വാങ്ങേണ്ടി വരും.
ഉമ്മര്‍ മലയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."