തൊടുപുഴയിലും സമീപ പ്രദേശങ്ങളിലും വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു
തൊടുപുഴ: തൊടുപുഴയിലും സമീപ പ്രദേശങ്ങളിലും വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. നിര്‍ത്തിയിട്ടിരുന്ന തടിലോറിയില്‍ നിയന്ത്രണം വിട്ട് ബൈക്കിടിച്ച് ബൈക്ക് യാത്രികനായിരുന്ന സിവില്‍ പൊലിസ് ഓഫീസര്‍ ചൊവ്വാഴ്ച മരിച്ചിരുന്നു. വഴിത്തല മേഖലയില്‍ ഇന്നലെ രണ്ട് അപകടങ്ങള്‍ ഉണ്ടായി.
അമിത വേഗത്തില്‍ വാഹനങ്ങള്‍ പായിച്ച് അപകടത്തില്‍പെട്ട് മരിക്കുന്നവരും ഗുരുതരമായി പരുക്കേറ്റ് ദുരിതത്തില്‍ കഴിയുന്നവരും ഏറെയാണ്. ഇതിനു പുറമെ നാലുചക്ര വാഹനങ്ങളും സ്വകാര്യ ബസുകളും ടിപ്പര്‍ ലോറികളുമെല്ലാം ജനങ്ങളുടെ ജീവന്‍ പന്താടിയുള്ള പാച്ചിലാണ് നടത്തുന്നത്. തൊടുപുഴ നഗരത്തിലൂടെ പോലും വാഹന യാത്രക്കാരെയും കാല്‍നടക്കാരെയും വകവയ്ക്കാതെ മിന്നല്‍ വേഗത്തില്‍ പായുന്ന ഇരുചക്ര വാഹനങ്ങള്‍ ജനങ്ങളുടെ പേടിസ്വപ്നമായിട്ടുണ്ട്. തിരക്കേറിയ റോഡുകളിലും മറ്റും മുന്നില്‍ പോകുന്ന വാഹനങ്ങളെയും എതിരെ വരുന്ന വാഹനങ്ങളെയും വകവയ്ക്കാതെ അമിത വേഗത്തില്‍ മറികടന്നു പോകുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുകയാണ്.
പലരും റോഡ് നിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് അമിത വേഗത്തില്‍ പായുന്നത്. അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണു മിക്ക അപകടങ്ങള്‍ക്കും കാരണമാകുന്നത്. കൂടാതെ റോഡുകളുടെ അശാസ്ത്രീയമായ നിര്‍മാണവും കുണ്ടും കുഴിയുമായി കിടക്കുന്ന റോഡുകളും അപകടം വര്‍ധിപ്പിക്കുകയാണ്. പല പൊതുമരാമത്ത് റോഡുകളും നന്നാക്കാതെ കിടക്കുന്നത് ഇരുചക്ര വാഹന യാത്രക്കാരെ അപകടത്തില്‍പെടുത്തുന്നു.
കുഴിയില്‍ ഇരുചക്ര വാഹനങ്ങളും മറ്റും ചാടി അപകടം വരുന്നതു പതിവാണ്. വേനല്‍ മഴ ശക്തമായതോടെ ബ്രേക്ക് ചെയ്താല്‍ വാഹനം തെന്നിമാറുന്നതും റോഡിലെ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതും അപകടത്തോത് വര്‍ധിപ്പിക്കുകയാണ്. മദ്യപിച്ചുള്ള ഡ്രൈവിങ്, രാത്രിയില്‍ ഹെഡ്‌ലൈറ്റ് ഡിം ചെയ്യാത്തത്, വാഹനമോടിക്കുന്നതിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയെല്ലാം അപകടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ്. ഇരുചക്ര വാഹനങ്ങളും മറ്റു ചെറുവാഹനങ്ങളും ഓടിക്കുന്നവര്‍ നഗരത്തില്‍ പോലും ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് പോകുന്നത്. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും പിന്നില്‍ നിന്നു വരുന്ന വാഹനങ്ങളെ വകവയ്ക്കാതെയും സിഗ്‌നല്‍ കാട്ടാതെയും നഗരത്തില്‍ പോലും റോഡില്‍ വട്ടം തിരിക്കുന്നതും അപകടത്തിന് കാരണമാകുകയാണ്.
അമിത വേഗത്തില്‍ പാഞ്ഞ് അപകടം ക്ഷണിച്ചുവരുത്തുന്നതില്‍ മുന്നില്‍ വിദ്യാര്‍ഥികളും യുവാക്കളുമാണ്. സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍ മൂന്നു പേര്‍ ഒരു ബൈക്കില്‍ യാത്രചെയ്യുന്ന പ്രവണത കൂടിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."