കൊട്ടിയൂര്‍ പീഡനം: പെണ്‍കുട്ടിയുടെ രക്തപരിശോധനയ്ക്ക് ഉത്തരവ്
കൊട്ടിയൂര്‍: കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിനിരയായി പ്രസവിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ രക്തം പരിശോധനയ്ക്ക് അയക്കാന്‍ കോടതി ഉത്തരവ്. പെണ്‍കുട്ടിയുടെ രക്തംശേഖരിച്ച് തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു. മുഖ്യപ്രതി ഫാ. റോബിന്‍ വടക്കുംചേരിയുടെയും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെയും നവജാത ശിശുവിന്റെയും രക്തമാണു പരിശോധനയ്ക്കായി പൊലിസ് തിരുവനന്തപുരത്തേക്ക് അയച്ചത്. നവജാതശിശു ഫാ. റോബിന്‍ വടക്കുംചേരിയുടെ തന്നെയാണോ എന്ന് ഉറപ്പുവരുത്താനാണു പൊലിസിന്റെ രക്തപരിശോധന. കുട്ടിയെ മാറ്റിയതായുള്ള നാട്ടുകാരുടെ ആരോപണത്തെ തുടര്‍ന്നാണു മൂന്നുപേരുടെയും രക്തം പൊലിസ് പരിശോധനയ്ക്ക് അയച്ചത്.
കോടതി ഉത്തരവിനെ തുടര്‍ന്നു തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പെണ്‍കുട്ടിയെ രക്ത പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ ആദ്യം ആശുപത്രി അധികൃതര്‍ നിരസിച്ചു. തുടര്‍ന്നു കോടതി ഉത്തരവിന്റെ പകര്‍പ്പുമായി പൊലിസ് എത്തിയതോടെയാണു പരിശോധന നടത്താന്‍ തയാറായത്. അതേസമയം പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിയായ ഫാ. റോബിന്റെ ചോദ്യംചെയ്യല്‍ പൊലിസ് കസ്റ്റഡിയില്‍ തുടരുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സി.ഐ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു ചോദ്യംചെയ്യുന്നത്. വൈദികന്‍ അന്വേഷസംഘത്തോടു പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നു പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."