ഭൂമി ഏറ്റെടുക്കല്‍ പാതിവഴിയില്‍: പള്ളിക്കര മേല്‍പാലം ത്രിശങ്കുവില്‍
നീലേശ്വരം: റവന്യു വകുപ്പിന്റെ അനാസ്ഥ കാരണം ദേശീയപാതയിലെ പള്ളിക്കര മേല്‍പാലം പ്രവൃത്തി പ്രതിസന്ധിയില്‍. മേല്‍പാലം നിര്‍മാണത്തിനാവശ്യമായ നീലേശ്വരം, പേരോല്‍ വില്ലേജുകളിലായുള്ള ഭൂമി റവന്യു വകുപ്പ് അധികൃതര്‍ ഏറ്റെടുത്ത് കൈമാറാത്തതാണ് ദേശീയപാതാ വകുപ്പ് അധികൃതരെ പ്രതിസന്ധിയിലാക്കുന്നത്. നീലേശ്വരം വില്ലേജില്‍ 28 കുടുംബങ്ങളുടെയും പേരോല്‍ വില്ലേജില്‍ 16 കുടുംബങ്ങളുടെയും ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
ഇതില്‍ നീലേശ്വരം വില്ലേജിലെ 25 കുടുംബങ്ങളുടെ ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാര തുകയുടെ ചെക്ക് കൈമാറിയിട്ടുണ്ട്. ഒരു കുടുംബം രേഖകള്‍ ഹാജരാക്കാത്തതിനാല്‍ തുക കൈമാറി ഭൂമി ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ശേഷിക്കുന്ന രണ്ടു കുടുംബങ്ങളുടെ ഭൂമി ഏറ്റെടുക്കാന്‍ ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. പേരോല്‍ വില്ലേജിലെ 16 കുടുംബങ്ങളുടെ ഭൂമിയും ചെക്ക് കൈമാറി ഇതിനകം തന്നെ ഏറ്റെടുത്തിട്ടുണ്ട്. ആദ്യം നിശ്ചയിച്ചത് കൂടാതെ പുതുതായി നീലേശ്വരം, പേരോല്‍ വില്ലേജുകളിലായി രണ്ടു കുടുംബങ്ങളുടെ ഭൂമി കൂടി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനാവശ്യമായ ഫണ്ട് ഇതുവരെ ലഭ്യമായിട്ടില്ല.
എന്നാല്‍ മുഴുവന്‍ ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞാലേ റവന്യു വകുപ്പിന് ദേശീയപാതാ അതോറിറ്റിക്ക് ഭൂമി കൈമാറാന്‍ സാധിക്കുകയുള്ളൂ. ഓഗസ്റ്റ് അവസാന വാരത്തോടെ മാത്രമേ ഇത് സാധ്യമാകൂ എന്നാണ് റവന്യു വിഭാഗത്തില്‍നിന്ന് ലഭിക്കുന്ന വിവരം.
കൊച്ചി ആസ്ഥാനമായ ഇ.കെ.കെ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്. എന്നാല്‍ ദേശീയപാത അതോറിറ്റി കമ്പനിക്ക് ഭൂമി കൈമാറിയാല്‍ മാത്രമേ പ്രവൃത്തി ആരംഭിക്കാന്‍ കഴിയുകയുള്ളൂ. മാര്‍ച്ച് 16 നാണ് ടെന്‍ഡര്‍ അംഗീകരിച്ചത്. ടെന്‍ഡര്‍ ലഭിച്ച് 45 ദിവസത്തിനകം പ്രവൃത്തി തുടങ്ങണമെന്നിരിക്കെ ഭൂമി ലഭിക്കാത്തതിനാല്‍ കരാറുകാരന് പ്രവൃത്തി തുടങ്ങാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. നേരത്തെ ഏപ്രില്‍ 14 ന് നിശ്ചയിച്ചിരുന്ന തറക്കല്ലിടലും മാറ്റിവച്ചിരുന്നു. ദേശീയപാതയില്‍ ഗോവ കഴിഞ്ഞാലുള്ള ഏക റെയില്‍വേ ഗേറ്റാണ് പള്ളിക്കരയിലേത്.
52.67 കോടി രൂപയാണ് മേല്‍പാലത്തിനായി വകയിരുത്തിയത്. ഭൂമി ഏറ്റെടുത്ത് കൈമാറല്‍ വൈകുന്നതോടെ പള്ളിക്കരയില്‍ മേല്‍പാലമെന്ന ജനങ്ങളുടെ ദീര്‍ഘകാലത്തെ സ്വപ്നവും നീളും.
അതേസമയം കരാര്‍ ഏറ്റെടുത്ത ഇ.കെ.കെ പ്രൈവറ്റ് ലിമിറ്റഡ് അധികൃതര്‍ പള്ളിക്കരയില്‍ ഓഫിസ് സജ്ജീകരിച്ച് തുടര്‍നടപടികള്‍ ആരംഭിച്ചു. സര്‍വേ, മാര്‍ക്കിങ്ങ് എന്നിവയുടെ മുന്നോടിയായുള്ള ശുചീകരണ പ്രവര്‍ത്തിയും നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."