അലിഗഢിലെ സംഘ്പരിവാര്‍ ആക്രമണം: വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരത്തിന്
അലിഗഢ്: ഉത്തര്‍പ്രദേശ് അലിഖഢ് മുസ്‌ലിം സര്‍വകലാശാലയില്‍ അതിക്രമിച്ച് കടന്ന് വിദ്യാര്‍ഥികളെ ആക്രമിച്ച സംഘ്പരിവാര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരത്തിന്. വിദ്യാര്‍ഥി യൂനിയന്‍ ഹാളില്‍ 1938 ല്‍ സ്ഥാപിച്ച മുഹമ്മദലി ജിന്നയുടെ ചിത്രം എടുത്തുമാറ്റണമെന്നാവശ്യപ്പെട്ടാണ് ആര്‍.എസ്.എസ് അംഗീകൃത സംഘടനയായ ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ അലിഗഢ് ക്യാംപസിലേക്ക് മാര്‍ച്ച് നടത്തുകയും വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്.
തുടര്‍ന്ന് 41 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിരുന്നു. പൊലിസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിചാര്‍ജ്ജ് നടത്തുകയും ചെയ്തു. അക്രമത്തില്‍ കേസെടുക്കുക പോലും ചെയ്യാത്ത പൊലിസ് നടപടിയില്‍ പ്രതിഷേധത്തിലാണ് വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയത്.
മുന്‍ ഉപരാഷ്ട്രപതിയും അലിഗഢിന്റെ വി.സിയുമായിരുന്ന ഹാമിദലി അന്‍സാരി തൊട്ടടുത്തുണ്ടാവുമ്പോഴായിരുന്നു അക്രമം. അദ്ദേഹത്തെ ആക്രമിക്കാന്‍ കൂടി പദ്ധതിയിട്ടാണ് ഹിന്ദു യുവ വാഹിനി ക്യാംപസില്‍ കടന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
ഇന്ന് പ്രധാന കവാടത്തില്‍ നടത്തിയ ധര്‍ണയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മോദിക്കും യോഗിക്കും എതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് വിദ്യാര്‍ഥികള്‍ ധര്‍ണ നടത്തുന്നത്.
Students of Aligarh Muslim University protest against police and UP government on https://t.co/Pzyuw2naMQ pic.twitter.com/1UAgTmvMCz
— The Indian Express (@IndianExpress) May 3, 2018
പ്രശ്‌നങ്ങളുടെ തുടക്കം
മുഹമ്മദലി ജിന്നയുടെ മുഖചിത്രം അലിഗഢ് ക്യാംപസില്‍ ഇപ്പോഴും നിലനില്‍ക്കുന്നതെന്തേയെന്ന് ചോദിച്ച്, അലിഗഢ് ബി.ജെ.പി എം.പി സതീഷ് ഗൗതം വി.സി താരിഖ് മന്‍സൂറിന് കത്തെഴുതിയിരുന്നു. എന്നാല്‍ ഇത് 1938 ല്‍ തന്നെ സ്ഥാപിച്ചതാണെന്നും ഇന്ത്യാ വിഭജനത്തിനു മുന്‍പത്തെ പാരമ്പര്യം വിളിച്ചറിയിക്കുന്നതാണെന്നും യൂനിവേഴ്‌സിറ്റി മറുപടി പറഞ്ഞിരുന്നു. ജിന്ന 1938 ല്‍ വിദ്യാര്‍ഥി യൂനിയന്റെ ആജീവനാന്ത അംഗത്വം എടുത്തിരുന്നുവെന്നും യൂനിവേഴ്‌സിറ്റി വ്യക്തമാക്കുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി യോഗിയുടെ ചിത്രം പതിച്ച ബാനറുമായി സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."