HOME
DETAILS
MAL
ശുചീകരണ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താന്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കാമറയും
backup
March 27 2020 | 18:03 PM
കൊച്ചി: കായിക മേഖലയില്‍ ഉപയോഗിക്കുന്ന ഹെഡ് മൗണ്ടഡ് ലൈവ് സ്ട്രീമിങ്ങ് കാമറകള്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ ചികിത്സാ സഹായിയായി മാറുന്നു.
കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡുകളിലാണ് ഇത്തരം കാമറകള്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. വാര്‍ഡുകളിലെ ശുചീകരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍, രോഗികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍ എന്നിവയില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും രോഗീപരിചരണം കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കാനുമാണ് ഇത്തരം കാമറകളുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയിരിക്കുന്നത്.
ഐസൊലേഷന്‍ വാര്‍ഡുകളില്‍ ഉപയോഗിക്കുന്നതിനാല്‍ അണുബാധയില്‍നിന്ന് സംരക്ഷണം ലഭിക്കുന്നതിനായി സുതാര്യമായ ഒരു കവര്‍ ഉപയോഗിച്ച് മറച്ചിരിക്കുന്നു. കാമറയില്‍ നേരിട്ട് സ്പര്‍ശിക്കാതെ തന്നെ തിരികെയെടുക്കാവുന്ന വിധത്തിലാണ് ഈ കവര്‍ സജ്ജീകരിച്ചിരിക്കുന്നത്. ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരുന്ന സ്റ്റാഫ് ഉപയോഗിച്ചിരുന്ന വ്യക്തിഗത സുരക്ഷ ഉപാധികള്‍ (പി.പി.ഇ കിറ്റ്) അണുവിമുക്തമാക്കിയ ശേഷം നിക്ഷേപിക്കുന്ന സംവിധാനത്തില്‍ തന്നെയാണ് കാമറയുടെ ഈ കവറും അണുവിമുക്തമാക്കി നിക്ഷേപിക്കുന്നത്. വെള്ളത്തിനടിയിലും ഉപയോഗിക്കാവുന്ന തരം വാട്ടര്‍ പ്രൂഫ് കാമറകളാണിവ. അതുകൊണ്ട് തന്നെ ലൈസോള്‍ സൊല്യൂഷന്‍ ഉപയോഗിച്ച് അണുവിമുക്തമാക്കാന്‍ സാധിക്കും. വൈഫൈ സംവിധാനം ഉപയോഗിച്ച് ലൈവ് സ്ട്രീമിംഗ് നടത്തുന്നതിനാല്‍ കാമറയില്‍ നിന്ന് നേരിട്ട് ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്ത് എടുക്കേണ്ടി വരുന്നില്ല.
വാര്‍ഡിലുള്ള രോഗികളുടെ സ്വകാര്യതയെ ബാധിക്കാത്ത രീതിയിലാണ് ഈ കാമറകള്‍ ഉപയോഗിക്കുന്നത്. ഇരുപതിനായിരത്തിലധികം രൂപ വിലവരുന്ന ഈ കാമറകള്‍ തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന അഭയ എന്ന സന്നദ്ധസംഘടന സൗജന്യമായാണ് മെഡിക്കല്‍ കോളജിന് നല്‍കിയത്.
കളമശ്ശേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ സൂപ്രണ്ട് ഡോ. പീറ്റര്‍. പി. വാഴയില്‍, ആര്‍.എം.ഒ ഡോ.ഗണേഷ് മോഹന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ഈ കാമറകളുടെ ഉപയോഗത്തിലൂടെ രോഗീപരിചരണ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമതയോടൊപ്പം തന്നെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."