പി.എന്‍ പണിക്കര്‍ അനുസ്മരണവും സെമിനാറും നടത്തി
കൊല്ലം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, വിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, ജില്ലാ സാക്ഷരതാ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന വായനവാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും പി.എന്‍ പണിക്കര്‍ അനുസ്മരണവും സോപാനം ഓഡിറ്റോറിയത്തില്‍ എം നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
വരുംതലമുറക്കായി നല്ലതുമാത്രം കരുതിവയ്ക്കാന്‍ വായനയുടെ വാതായനങ്ങള്‍ തുറന്നിടണമെന്ന് എം.എല്‍.എ പറഞ്ഞു. എന്തിനും ഏതിനും സമയമില്ലെന്ന് പറയുന്നവരായി മലയാളികള്‍ മാറി. സാഹോദര്യവും മനുഷ്യത്വവും നഷ്ടമായി. നന്മകള്‍ തിരികെ പിടിക്കാനും ജീവിതം ആനന്ദപൂര്‍ണവും ആസ്വാദ്യവുമാക്കാനും വായന ശീലമാക്കേണ്ടതുണ്ടെന്നും എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ അധ്യക്ഷത വഹിച്ചു.
ഡോ. ബി.എ രാജാകൃഷ്ണന്‍ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാതല ക്വസ്മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം എ.ഡി.എം പി.എസ .സ്വര്‍ണമ്മ നിര്‍വഹിച്ചു. മോഡല്‍ ബോയിസ് സ്‌കൂള്‍ വിദ്യാര്‍ഥി സായിറാം വായനാനുഭവം പങ്കുവച്ചു.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ പി കെ ഗോപന്‍, ജില്ലാ സാക്ഷരതാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഹരിഹരനുണ്ണിത്താന്‍, കുടുംബശ്രീ കോഓര്‍ഡിനേറ്റര്‍ എ മുഹമ്മദ് അന്‍സാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എം അയ്യപ്പന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."