കുടുംബശ്രീ തണലായി; അടച്ചുറപ്പുള്ള വീട്ടില്‍ ഇനി മേരിയും മകളും സുരക്ഷിതര്‍
തൊടുപുഴ: അരക്ഷിതാവസ്ഥയ്ക്ക് അറുതിയായി. അടച്ചുറപ്പുള്ള വീട്ടില്‍ മേരിയും മകളും ഇനിയുള്ള നാളുകള്‍ ഭയപ്പാടില്ലാതെ സുരക്ഷിതരായി കഴിയും.
കുടുംബശ്രീ കൂട്ടായ്മയുടെ സ്‌നേഹവായ്പാണ് ഇടവെട്ടി കാരാമയില്‍ മേരിക്കും അവിവാഹിതയായ മകള്‍ ദീപയ്ക്കും അടച്ചുറപ്പുള്ള വീടൊരുക്കിയത്. പൊലിസ് സഹകരണസംഘവും ബഹുജനങ്ങളും കാരുണ്യഹസ്തം നീട്ടിയതോടെയാണ് അമ്മയ്ക്കും മകള്‍ക്കും 530 സ്‌ക്വയര്‍ അടി വിസ്തൃതിയുള്ള കോണ്‍ക്രീറ്റ് വീട് സ്വന്തമാകുന്നത്.
പ്ലാസ്റ്റിക് മേല്‍ക്കൂരയുള്ള അടച്ചുറപ്പില്ലാത്ത കുടിലില്‍ ശാരീരിക-മാനസിക അസ്വസ്ഥതകളുള്ള മേരിയും ദീപയും വര്‍ഷങ്ങളോളം അരക്ഷിതരായി കഴിഞ്ഞു. പഞ്ചായത്തിന്റെ ആശ്രയ പദ്ധതിയിലോ വീട് നിര്‍മിക്കാന്‍ സഹായം ലഭിക്കുന്നതിന് അര്‍ഹതയുള്ളവരുടെ പട്ടികയിലോ ഇവരെ ഉള്‍പ്പെടുത്തിയിരുന്നില്ല.
100 മീറ്ററേകയറ്റം കുത്തനെയുള്ള കയറ്റം താണ്ടി സ്വകാര്യവ്യക്തിയുടെ സ്ഥലത്തുകൂടിയായിരുന്നു താമസസ്ഥലത്തേക്കുള്ള ഇവരുടെ ദുരിതയാത്ര. വീട് നിര്‍മാണത്തിന് സാധനങ്ങളെത്തിക്കാനും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഈ യാത്രാദുരിതം മറികടക്കേണ്ടിവന്നു.
പഞ്ചായത്തിലെ എണ്ണൂറോളം കുടുംബശ്രീ പ്രവര്‍ത്തകര്‍ തലച്ചുമടായാണ് വീടുപണിക്കുള്ള സാധനസാമഗ്രികള്‍ എത്തിച്ചത് സിഐടിയു തൊഴിലാളികളും ഇവര്‍ക്ക് സഹായവുമായെത്തി. വാര്‍ഡ് കൗണ്‍സിലര്‍ ടി എം മുജീബിന്റെ നേതൃത്വത്തില്‍ 5,47,000 രൂപ മുതല്‍മുടക്കില്‍ 110 ദിവസം കൊണ്ടാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തി വീട്ടിലേക്ക് വഴി നിര്‍മിക്കാനുള്ള നീക്കത്തിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍.
നിര്‍മാണം പൂര്‍ത്തീകരിച്ച വീട്ടിലേക്ക് താമസം മറാനൊരുങ്ങുന്ന മേരിക്കും മകള്‍ക്കും വീട്ടാവശ്യത്തിനുള്ള പാത്രങ്ങളും മറ്റ് സാധനങ്ങളും സ്വരുപിക്കുന്ന തിരക്കിലാണ് ഇടവെട്ടിച്ചിറ കുടുംബശ്രീ പ്രവര്‍ത്തകര്‍. വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കുന്ന വേളയില്‍ ഇവയും മേരിക്കും മകള്‍ക്കും കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."