ജില്ലയുടെ പൈതൃക സമ്പത്ത് സംരക്ഷിക്കും: മന്ത്രി കടന്നപ്പള്ളി
തൊടുപുഴ: ജില്ലയുടെ പ്രൗഢമായ പൈതൃക സമ്പത്ത് മറഞ്ഞുകിടക്കുകയാണെന്നും അതുകണ്ടെത്തി സംരക്ഷിക്കുമെന്നും തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇടുക്കി ജില്ലാ പൈതൃക മ്യൂസിയത്തിന്റെ നിര്‍മ്മാണോദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൈതൃക സമ്പത്ത് കണ്ടുപിടിച്ച് സംരക്ഷിക്കാന്‍ പുതുതലമുറ താല്‍പര്യം കാട്ടണമെന്നും ചരിത്രവും സംസ്‌കാരവും പൈതൃകസമ്പത്തും സംരക്ഷിക്കുന്നതിനായുള്ള പൈതൃക മ്യൂസിയം വളരെ വേഗത്തില്‍ പണി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയുടെ ടൂറിസം സാധ്യതകള്‍ക്ക് ഏറെ പ്രയോജനം ലഭിക്കത്തക്ക രീതിയില്‍ ഒരു മ്യൂസിയം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച റോഷി അഗസ്റ്റിന്‍ എം.എല്‍.എ അഭ്യര്‍ത്ഥിച്ചു. അതിനാവശ്യമായ സ്ഥലം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
കുട്ടിക്കാനം പാലസ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും വേരുകള്‍ കൊണ്ടുള്ള ശില്‍പങ്ങള്‍ സമാഹരിച്ച് സംരക്ഷിക്കണമെന്നും ഇ.എസ് ബിജിമോള്‍ എം.എല്‍.എ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ജില്ലാ പഞ്ചായത്ത് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള പൈതൃക വസ്തുക്കള്‍ ഏറെ പരിശ്രമിച്ച് കണ്ടെത്തിയതാണെന്നും അത് സംരക്ഷിക്കാന്‍ കെയര്‍ടേക്കറെ നിയമിക്കണമെന്നും ബിജിമോള്‍ എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, ജനപ്രതിനിധികളായ നിര്‍മ്മല നന്ദകുമാര്‍, ലിസമ്മ സാജന്‍, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഡോ.ജി. പ്രേംകുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷാജി കെ. കുര്യന്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിന്റെ പൈതൃക സംരക്ഷണവും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധ രൂപീകരണവും ലക്ഷ്യം വച്ചാണ് കേരള പുരാവസ്തു വകുപ്പ് 14 ജില്ലകളിലും ജില്ലാ പൈതൃക മ്യൂസിയങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. അതില്‍ ഏഴാമത്തെ മ്യൂസിയമാണ് ഇടുക്കിയില്‍ ആരംഭിക്കുന്ന ജില്ലാ പൈതൃക മ്യൂസിയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."