യോഗയെ ഉപയോഗപ്പെടുത്തി മദ്യവര്‍ജന ക്യാംപയിന് നടത്തും; മന്ത്രി ടി.പി. രാമകൃഷ്ണന്
കോഴിക്കോട്: യോഗയെ ഉപയോഗപ്പെടുത്തി മദ്യവര്‍ജ്ജന ക്യാംപയിന് നടത്തുമെന്ന് എക്സൈസ്, തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ദൂഷ്യങ്ങളില്‍ നിന്നും മാറിപോകാന്‍ യോഗ പരിശീലനത്തിനാകുമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ മാര്‍ഷല്‍ ആര്‍ട്ട്സ് ആക്കാദമി ആന്‍ഡ് യോഗ സ്റ്റഡി സെന്ററിനു കീഴിലുള്ള ചേതന യോഗയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന യോഗപ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ യോഗാവിദ്യാര്ഥികളേയും അധ്യാപകരേയും മറ്റു യോഗ ചെയ്യുന്നവരെയും ഉള്‍പ്പെടുത്തി മദ്യവര്‍ജ്ജന ക്യാംപയിന് നടത്തും.
മനുഷ്യന്റെ മനസിനേയും ശരീരത്തെയും ഏകാഗ്രതയിലേക്ക് യോഗ കൊണ്ടുവരും. കലാസാഹിത്യ മേഖലയെയും ഇതിനായി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ചടങ്ങില്‍ അധ്യക്ഷനായി. യോഗാചാര്യ ഗോവിന്ദജി ആചാര്യഭാഷണം നടത്തി. എ. പ്രദീപ്കുമാര്‍ എം.എല്‍.എ, പി.എം.വി. പണിക്കര്‍, എ. രാമാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."