വരള്‍ച്ച: സൗജന്യ കുടിവെള്ളം എത്തിക്കാന്‍ ക്വാറി ഉടമകളും
കോഴിക്കോട്: വരള്‍ച്ച നേരിടാന്‍ സഹായഹസ്തവുമായി ക്വാറി ഉടമകള്‍. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പലപ്പോഴും തങ്ങളെ സംശയദൃഷ്ടിയോടെ കാണുന്ന ജില്ലാ ഭരണകൂടത്തിന് മുന്നിലേക്കാണ് ക്വാറി ഉടമകള്‍ സഹായ ഹസ്തവുമായി എത്തിയത്. വരള്‍ച്ചക്കാലത്ത് ജനങ്ങള്‍ക്ക് സൗജന്യമായി കുടിവെള്ളമെത്തിക്കാന്‍ തങ്ങള്‍ സന്നദ്ധരാണെന്ന് ഇന്നലെ കലക്ടര്‍ യു.വി ജോസിനെ കണ്ട ജില്ലയിലെ ക്വാറി ഉടമകള്‍ അറിയിച്ചു.
വരള്‍ച്ച നേരിടുന്ന ഏത് പ്രദേശത്തും തങ്ങളാല്‍ കഴിയും വിധം വെള്ളമെത്തിക്കാന്‍ മുന്നിലുണ്ടാവുമെന്ന് അവര്‍ അറിയിച്ചു. കുടിവെളള വിതരണത്തിന് വിവിധ മാര്‍ഗങ്ങള്‍ ആരായുന്ന കൂട്ടത്തില്‍ ക്വാറികളിലെ ജലം ശുദ്ധീകരിച്ച് ഉപയോഗിക്കുന്ന കാര്യവും ജില്ലാ ഭരണകൂടം ആലോചിച്ചിരുന്നു. ഇക്കാര്യത്തില്‍ ജില്ലാ ജിയോളജി വിഭാഗം ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ക്വാറി ഉടമകള്‍ കൂട്ടായി ജലവിതരണത്തിനായി മുന്നോട്ടുവന്നത്.
കൊടിയത്തൂര്‍, കാരശ്ശേരി, കട്ടിപ്പാറ, കൊടുവളളി, വളയം, കൂടരഞ്ഞി, ഉണ്ണികുളം, ബാലുശ്ശേരി, കീഴരിയൂര്‍, ചേളന്നൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കാനാണ് അതാത് പ്രദേശങ്ങളിലെ ക്വാറി ഉടമകള്‍ വാഹനങ്ങളില്‍ വെള്ളമെത്തിക്കുക. ചേളന്നൂര്‍, വളയം, വാണിമേല്‍, ചെക്യാട്, ചക്കിട്ടപ്പാറ, കക്കോടി, കോട്ടൂര്‍, ഉള്ള്യേരി, നാദാപുരം, ചേലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍തോതില്‍ ശുദ്ധജലമുള്ള ക്വാറികളുണ്ടെന്ന് ക്വാറി ഉടമകള്‍ ചൂണ്ടിക്കാട്ടി.
ഇവിടങ്ങളില്‍ സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ ശാസ്ത്രജ്ഞരുടെ മേല്‍ നോട്ടത്തില്‍ ഗുണനിലവാര പരിശോധന നടത്തും.
ഉപയോഗയോഗ്യമെങ്കില്‍ വിതരണത്തിനായി ഉപയോഗപ്പെടുത്തും. കുടിവെള്ള പ്രശ്‌നത്തില്‍ വില്ലേജ് ഓഫിസര്‍മാര്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കും തങ്ങളെ ബന്ധപ്പെടാവുന്നതാണെന്ന് ക്വാറി ഉടമകള്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ഇതിലേക്കായി ഫോണ്‍ നമ്പറുകളും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."