ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനം നടത്തി; തിരുവമ്പാടി പരിസ്ഥിതി സൗഹൃദ മണ്ഡലമാകാനൊരുങ്ങുന്നു
മുക്കം: സംസ്ഥാനത്തെ ആദ്യ പരിസ്ഥിതി സൗഹൃദനിയോജകമണ്ഡലമാകാനൊരുങ്ങി തിരുവമ്പാടി. ഇതിന് മുന്നോടിയായി ജോര്‍ജ് എം തോമസ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നിയോജകമണ്ഡലം ഹരിത ഉച്ചകോടിയും ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനവും നടത്തി.
മണ്ണ് ജലസംരക്ഷണം, പ്ലാസ്റ്റിക് മാലിന്യ വിമുക്തിയും മാലിന്യ സംസ്ക്കരണവും, വിഷരഹിത പച്ചക്കറി, ഹരിതവത്ക്കരണം എന്നീ മേഖലകളില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്പ്പെടുതുന്ന പ്രൊജക്ടുകളാണ് ഗ്രീന്‍ പ്രോട്ടോകോളിലൂടെ പ്രഖ്യാപിച്ചത്. മുക്കം നഗരസഭ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ ജനപ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് ഗ്രീന്‍ പ്രോട്ടോക്കോള്‍ തയാറാക്കി ഹരിത ഉച്ചകോടിയില്‍ അവതരിപ്പിച്ചു.
മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തില്‍ നടന്ന ഉച്ചകോടി 'സുസ്ഥിര വികസനത്തിന് ഒരു ഹരിത അജണ്ട' എന്ന വിഷയമവതരിപ്പിച്ച് പ്രൊഫ: ടി പി കുഞ്ഞിക്കണ്ണന് ഉദ്ഘാടനം ചെയ്തു. ജോര്‍ജ് എം തോമസ് എം.എല്‍.എ മണ്ഡല അടിസ്ഥാനത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളുടെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു. ജനപ്രതിനിധികളായ സി.ടി.സി അബ്ദുള്ള, പി.ടി അഗസ്റ്റിന്, ജിജി കട്ടക്കയം, എം.ഇ ജലീല്‍, തമ്പി പാറക്കണ്ടത്തില്‍ , മുക്കം എ.ഇ.ഒ ലൂക്കോസ് മാത്യു എന്നിവര്‍ സംസാരിച്ചു. നഗരസഭ ചെയര്മാന് വി.കുഞ്ഞന്‍ സ്വാഗതവും, കാരശ്ശേരി പഞ്ചായത്ത് പ്രസിസന്റ് വി.കെ വിനോദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."