എസ്.എസ്.എല്‍.സി: ജില്ലയില്‍ 93.87 ശതമാനം വിജയം
കല്‍പ്പറ്റ: സംസ്ഥാനത്ത് ഏറ്റവും പിന്നിലായെങ്കിലും എസ്.എസ്.എല്‍.സി പരീക്ഷ ഫലത്തില്‍ ജില്ല നില മെച്ചപ്പെടുത്തി. 93.87 ശതമാനം പേരാണ് ഇക്കുറി ഉപരിപഠനത്തിന് അര്‍ഹത നേടിയത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.22 ശതമാനത്തിന്റെ വര്‍ധനവാണ് ഇക്കുറിയുണ്ടായത്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 89.65 ശതമാനമായിരുന്നു വിജയം. 12108 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.
ഇതില്‍ 11366 പേരാണ് വിജയിച്ചത്. കഴിഞ്ഞ വര്‍ഷം പരീക്ഷ എഴുതിയ 12475 വിദ്യാര്‍ഥികളില്‍ 11184 പേരാണ് ഉപരി പഠനത്തിന് യോഗ്യത നേടിയിരുന്നത്. വിജയത്തിന് മാറ്റുകൂട്ടി നൂറു ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണവും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 21 സ്കൂളുകളിലാണ് പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടിയത്. നൂറുമേനി നേട്ടത്തിലും സര്‍ക്കാര്‍ സ്കൂളുകളാണ് മുന്നില്‍.
14 സര്‍ക്കാര്‍ സ്കൂളുകളാണ് നൂറു ശതമാനം വിജയം നേടിയത്. അഞ്ച് അണ് എയ്ഡഡ് സ്കൂളുകളും രണ്ട് എയ്ഡഡ് സ്കൂളുകളും നൂറു ശതമാനം നേടി.
ജില്ലയില്‍ 715 പേരാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയത്.
കഴിഞ്ഞ വര്‍ഷം 392 പേരാണ് എ പ്ലസ് നേടിയത്. സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈസ്കൂളാണ് എ പ്ലസ് നേട്ടത്തില്‍ മുന്നില്‍. സ്കൂളിലെ 45 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി.
പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ് 39 വിദ്യാര്‍ഥികളെ എ പ്ലസ് നേട്ടത്തിന് അര്‍ഹരാക്കി നേട്ടത്തില്‍ രണ്ടാമതെത്തി.
ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ 91.54 ശതമാനമാണ് വിജയം. വിവിധ സ്കൂളുകളിലായി 7068 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.
ഇതില്‍ 6470 പേര് ഉപരിപഠനത്തിന് അര്‍ഹരായി. എയ്ഡഡ് സ്കൂളില്‍ 4611 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 4467 പേര് ഉന്നത പഠനത്തിന് യോഗ്യരായി.
96.88 ശതമാനമാണ് എയ്ഡഡ് മേഖലയിലെ വിജയ ശതമാനം. 429 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ അണ് എയ്ഡഡ് മേഖലക്ക് നൂറു ശതമാനമാണ് വിജയം.
ഓടപ്പള്ളം ജി.എച്ച്.എസിലാണ് ഇക്കുറി ഏറ്റവും കുറവ് വിജയശതമാനമുള്ളത്, 69.64 ശതമാനം. 56 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 39 പേര് മാത്രമാണ് സ്കൂളില്‍ ഉപരി പഠനത്തിന് അര്‍ഹരായത്. എന്നാല്‍ പരാധീനതകള്‍ക്ക് നടുവിലും പരീക്ഷാ ഫലത്തില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്.
ബീനാച്ചി ഗവ. ഹൈസ്കൂള്‍, പൂക്കോട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, കല്‍പ്പറ്റ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, എടത്തന ഗവ. ട്രൈബല്‍ ഹൈസ്കൂള്‍ എന്നിവയുടെ നൂറുമേനി നേട്ടം പ്രതീക്ഷ നല്‍കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."