മിച്ചല്‍ സ്റ്റാര്‍ക്കിനു പകരം പാറ്റ് കമ്മിന്‍സ് ഓസീസ് ടീമില്‍
റാഞ്ചി: പരുക്കേറ്റു നാട്ടിലേയ്ക്ക് മടങ്ങിയ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനു പകരം പാറ്റ് കമ്മിന്‍സിനെ ആസ്ത്രേലിയന്‍ ടീമിലേക്കു മടക്കി വിളിച്ചു. ഇന്ത്യയ്ക്കെതിരായ അവസാന രണ്ടു ടെസ്റ്റിനുളള ഓസീസ് ടീമിലേക്കാണു കമ്മിന്‍സിന്റെ അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള വരവ്. 2011 നവംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരായ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ മാന്‍ ഓഫ് ദി മാച്ചായി വരവറിയിച്ച കമ്മിന്‍സിനു പിന്നീടു ഓസീസ് ടെസ്റ്റില്‍ ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ പോയിരുന്നു. ഏകദിനത്തിലും ടി20യിലും ബിഗ് ബാഷ് ലീഗിലുമെല്ലാം സ്ഥിരതയുളള പ്രകടനം നടത്തിയതാണു താരത്തെ ഇപ്പോള്‍ തുണച്ചത്.
ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിനിടെയാണ് ടീമിലെ പ്രധാന പേസറായ മിച്ചല്‍ സ്റ്റാര്‍ക്കിനു പരുക്കേറ്റത്. കഴിഞ്ഞ ദിവസം നടത്തിയ വിദഗ്ധ പരിശോധനയില്‍ വലതു കാലില്‍ പൊട്ടലുളളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണു സ്റ്റാര്‍ക്കിനു സ്ഥാനം നഷ്ടമായത്. നേരത്തെ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് തോളിനു പരുക്കേറ്റു പുറത്തായതിനു പിന്നാലെയാണ് സ്റ്റാര്‍ക്കും മടങ്ങിയത്. മാര്‍ക്കസ് സ്റ്റോയ്നിസിനെയാണ് മാര്‍ഷിനു പകരം ടീമില്‍ ഉള്‍പ്പെടുത്തിയത്.
ഈ മാസം 16 മുതല്‍ റാഞ്ചിയിലാണു മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്. ആദ്യ രണ്ടു ടെസ്റ്റുകളില്‍ ഇരു ടീമുകളും ഓരോ വിജയം നേടി പരമ്പരയില്‍ 1-1 എന്ന നിലയില്‍ തുല്ല്യത പാലിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."