വിദ്യാര്‍ഥിനിയെ അന്യായമായി സ്റ്റേഷനില്‍ തടഞ്ഞുവച്ച പൊലിസുകാരനെതിരേ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കൊച്ചി: വീടിനു മുന്നില്‍ പൊതു ശൗചാലയം നിര്‍മിക്കുന്നതിനെ എതിര്‍ത്ത കോളജ് വിദ്യാര്‍ഥിനിയെ പി.എസ്.സി പരീക്ഷ എഴുതാന്‍ അനുവദിക്കാതെ പൊലിസ് സ്റ്റേഷനില്‍ അന്യായമായി തടഞ്ഞുവച്ച സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
മൂവാറ്റുപുഴ പൊലിസ് സ്റ്റേഷനിലെ എസ്.സി.പി.ഒ രാജേഷിനെതിരെ അച്ചടക്ക നടപടിയെടുക്കാനാണ് കമ്മിഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി. മോഹനദാസ് എറണാകുളം ജില്ലാ പൊലിസ് മേധാവിക്ക് ഉത്തരവ് നല്‍കിയത്. 2017 ജൂലൈ 15 നായിരുന്നു മൂവാറ്റുപുഴ പാണ്ടിപ്പിള്ളി സ്വദേശിനിയെ സ്റ്റേഷനില്‍ അന്യായമായി തടഞ്ഞുവച്ചത്. കമ്മിഷന്‍ മൂവാറ്റുപുഴ ഡി.വൈ.എസ്.പിയില്‍ നിന്നും അന്വേഷണ റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. പരാതിക്കാരിയുടെ ആരോപണം വാസ്തവവിരുദ്ധമാണെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് തള്ളിയ കമ്മിഷന്‍, മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണ വിഭാഗത്തിലെ എസ്.പിയെ അന്വേഷണത്തിന് നിയോഗിച്ചു.
സ്വന്തം വീടിന് മുന്നില്‍ ജില്ലാ ശുചിത്വമിഷനും ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് പൊതുശൗചാലയം നിര്‍മ്മിക്കുന്നതിനെ എതിര്‍ത്തതിനാണ് തൊടുപുഴ ന്യൂമാന്‍സ് കോളജ് വിദ്യാര്‍ഥിനിയെയും അമ്മയെയും പൊലിസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയത്. നിര്‍മ്മാണ ജോലികള്‍ തടസപ്പെടുത്തിയാല്‍ നടപടിയെടുക്കുമെന്ന് പറഞ്ഞശേഷം പെറ്റീഷന്‍ രജിസ്റ്ററില്‍ ഒപ്പിട്ട ശേഷം ഇരുവരെയും തിരിച്ചയക്കാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മനുരാജ്, സീനിയര്‍ ഡി.പി.ഒ രാജേഷിന് നിര്‍ദ്ദേശം നല്‍കി.
പെറ്റീഷന്‍ രജിസ്റ്ററില്‍ പൊലിസ് എഴുതിയിരിക്കുന്ന കാര്യങ്ങള്‍ വായിച്ചു നോക്കിയ പരാതിക്കാരി ഒപ്പിടാന്‍ വിസമ്മതിച്ചു. എന്നാല്‍ ഒപ്പിടാതെ പരാതിക്കാരിയെ വിട്ടയക്കാന്‍ പൊലിസുകാരന്‍ തയ്യാറായില്ല. തൃശൂരില്‍ നടന്ന എല്‍.ഡി ക്ലര്‍ക്ക് പരീക്ഷ എഴുതേണ്ടിയിരുന്ന പരാതിക്കാരിയെ ഹാള്‍ടിക്കറ്റ് കാണിച്ചിട്ടും വിട്ടയച്ചില്ല.
പെറ്റീഷന്‍ രജിസ്റ്ററില്‍ ഒപ്പിടാന്‍ വിസമ്മതിക്കുന്നവര്‍ക്ക് തങ്ങളുടെ വിസമ്മതം രജിസ്റ്ററില്‍ തന്നെ രേഖപ്പെടുത്താവുന്നതാണ്. എന്നാല്‍ പൊലിസുകാരന്‍ അതിന് അനുവദിക്കാത്തത് തെറ്റാണെന്ന് കമ്മിഷന്‍ കണ്ടെത്തി. സ്ത്രീകള്‍ കക്ഷികളായി വരുന്ന കേസുകളില്‍ പുലര്‍ത്തേണ്ട അതീവജാഗ്രത ഇക്കാര്യത്തിലുണ്ടായില്ലെന്നും കമ്മിഷന്‍ കണ്ടെത്തി. രാവിലെ 11 ന് പരാതിക്കാരിയെ വിട്ടയച്ചിരുന്നെങ്കില്‍ ഒന്നര മുതല്‍ തൃശൂരില്‍ നടന്ന പരീക്ഷ എഴുതാന്‍ കഴിയുമായിരുന്നെന്ന് കമ്മിഷന്‍ ചൂണ്ടികാണിച്ചു. പരാതിക്കാരിക്ക് ജോലി ലഭിക്കാനുള്ള സാഹചര്യമാണ് ഇല്ലാതായത്. പൊലിസുകാരന്റെ പ്രവൃത്തി കാരണം പരാതിക്കാരിക്ക് ഭീമമായ നഷ്ടമുണ്ടായതായും കമ്മിഷന്‍ കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."