മട്ടാഞ്ചേരി കൊട്ടാരം സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ നീക്കം; പ്രതിഷേധം ശക്തം
മട്ടാഞ്ചേരി: മട്ടാഞ്ചേരി കൊട്ടാരം എന്ന ചരിത്ര മ്യൂസിയം സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ കേന്ദ്ര പുരാവസ്തു വകുപ്പായ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ കൊട്ടാരം പ്രവര്‍ത്തിക്കുന്നത്. ട്രാവല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെന്ന സ്വകാര്യ കമ്പനിക്ക് നല്‍കാനുള്ള നീക്കത്തിനെതിരെയാണ് ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്. കേന്ദ്രം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുള്ള 95 ചരിത്ര സ്മാരകങ്ങളില്‍ ഒന്നാണ് മട്ടാഞ്ചേരി കൊട്ടാരം.
കൊച്ചി രാജാവായിരുന്ന കേരള വര്‍മ്മയോടുള്ള ആദര സൂചകമായി പോര്‍ച്ച് ഗീസുകാര്‍ സമ്മാനിച്ച കൊട്ടാരത്തിന് ഡച്ച് പാലസ് എന്നും പേരുണ്ട്.കൊച്ചി സന്ദര്‍ശിക്കാനെത്തുന്ന വിനോദ സഞ്ചാരികളുടെയും ചരിത്ര വിദ്യാര്‍ഥികളുടേയും പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നായ മട്ടാഞ്ചേരി കൊട്ടാരം സ്വകാര്യ കമ്പനിക്ക് നല്‍കുമ്പോള്‍ ഫലത്തില്‍ ഇത് കൈവിട്ട് പോകുന്നതിന് തുല്യമാകുമെന്നാണ് വിവിധ സംഘടനകളുടെ ആക്ഷേപം.
സംസ്ഥാനത്തെ ഏറ്റവും പൗരാണികമായ മന്ദിരങ്ങളിലൊന്നാണ് മട്ടാഞ്ചേരി കൊട്ടാരം.അതി പുരാതന ക്ഷേത്ര വാസ്തു ശൈലിയും കൊത്ത് പണികളും ഡച്ച്,പോര്‍ച്ച് ഗീസ് വാസ്തു ശൈലിയും കൊട്ടാരത്തിന്റെ ആകര്‍ഷണീയതയില്‍ ഒന്നാണ്.കൊച്ചി രാജാക്കന്‍മാര്‍ സഞ്ചരിച്ചിരുന്ന പല്ലക്കുകള്‍,സിംഹാസനങ്ങള്‍,ഉട വാളുകള്‍,രാജ ഭരണകാലത്തെ വസ്ത്രങ്ങള്‍,ആയുധങ്ങള്‍ എന്നിവ ചരിത്ര വിദ്യാര്‍ഥികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി ഇവിടത്തെ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.അപൂര്‍വ്വമായ ചുമര്‍ ചിത്രങ്ങളും കൊട്ടാരത്തിന്റെ പ്രത്യേകതയാണ്.കൊട്ടാരം കൈമാറാനുള്ള നീക്കത്തില്‍ ഭക്ത ജനങ്ങള്‍ക്കിടയിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.മ്യൂസിയത്തിന്റെ താഴെ നിലയില്‍ ക്ഷേത്രത്തിന്റെ പരദേവത,കുടുംബ ദേവത എന്നീ പ്രതിഷ്ഠകളുണ്ട്.കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രത്തില്‍ സര്‍പ്പത്തറ,ഊട്ടുപുര,തീര്‍ത്ഥകുളം എന്നിവ മ്യൂസിയത്തോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.
കൊട്ടാരം സ്വകാര്യ കമ്പനിക്ക് നല്‍കിയാല്‍ ക്ഷേത്രാചാരങ്ങള്‍ക്ക് തടസ്സം വരുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.കൊട്ടാരം കൈമാറാനുള്ള നീക്കത്തിനെതിരെ യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.എ.ഐ.വൈ.എഫ്,യൂത്ത് കോണ്‍ഗ്രസ് എന്നീ സംഘടനകള്‍ കൊട്ടാരത്തിലേക്ക് മാര്‍ച്ച് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."