പട്ടാമ്പി ബസ് സ്റ്റാന്‍ഡിലെ പ്രവേശന കവാടത്തില്‍ ഹമ്പ് സ്ഥാപിച്ചു
പട്ടാമ്പി: അപകടം തുടര്‍ക്കഥയായ സാഹചര്യത്തില്‍ പട്ടാമ്പി ബസ് സ്റ്റാന്‍ഡിന്റെ പ്രവേശനകവാടത്തില്‍ ഹമ്പ് സ്ഥാപിച്ചു. മതിയായ സുരക്ഷയൊരുക്കണമെന്നതിനെ സംബന്ധിച്ച്്് സുപ്രഭാതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
യാത്രക്കാരുടെയും ഇവിടെയുള്ള കച്ചവടക്കാരുടെയും ആവശ്യപ്രകാരമാണ് നഗരസഭയുടെ നടപടി.
സ്റ്റാന്‍ഡിലേക്ക് വേഗത്തില്‍ കടന്നുവരുന്ന ബസുകള്‍ യാത്രക്കാര്‍ക്ക് അപകടഭീഷണിയാവുന്ന സാഹചര്യമാണ് ഇവിടെയുണ്ടായിരുന്നത്. മുമ്പ് ഇവിടെ ഹമ്പ് ഉണ്ടായിരുന്നുവെങ്കിലും ഇഷ്ടികവിരിച്ച് നവീകരിച്ചപ്പോള്‍ ഇല്ലാതായി.
വേഗത്തില്‍ സ്റ്റാന്‍ഡിലേക്ക് വരുന്ന ബസുകള്ക്കുമുന്നില് കുടുങ്ങിയുള്ള അപകടം പതിവായിരുന്നു.
പന്ത്രണ്ടോളം പേര് അപകടത്തില്‍പ്പെടുകയും രണ്ടുപേരുടെ ജീവന് നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. മാര്‍ച്ച് മാസത്തില്‍ നടന്ന അപകടത്തില്‍ യാത്രക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങിയിരുന്നു.
തിരുമിറ്റക്കോട് സ്വദേശിയുടെ ഇടതുകാലിലൂടെയാണ് ബസ് കയറിയിറങ്ങിയത്. പെട്ടെന്ന് ബസുകള്‍ വരുമ്പോള്‍ ഓടിമാറാന്‍ യാത്രക്കാര്‍ക്ക് കഴിയാത്തസ്ഥിതിയാണ് അപകടത്തിന് കാരണമായിരുന്നത്. ഇപ്പോള്‍ ഹമ്പ് സ്ഥാപിച്ചതിനാല്‍ ബസുകള്‍ വേഗം കുറച്ചാണ് സ്റ്റാന്‍ഡിലേക്ക് കയറുന്നത്. യാത്രക്കാര്‍ക്ക് നടക്കാനായി പ്രവേശനകവാടത്തിന്റെ ഇടതുഭാഗത്ത് ഇരുമ്പ് കൈവരികള്‍ സ്ഥാപിക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ഇത് എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ട്രാഫിക്പൊലിസിന്റെ സേവനം സ്റ്റാന്‍ഡിനുമുന്നില്‍ സ്ഥിരമായി ഏര്‍പ്പെടുത്തണമെന്ന ആവശ്യവും നേരത്തെ തന്നെ നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."