മന്ത്രിയുടെ വാഗ്ദാനം പാഴ്‌വാക്കായി:കാര്‍ഷിക കോളജില്‍ ഇനിയും അധ്യാപകരെ നിയമിച്ചില്ല
നീലേശ്വരം: സ്ഥിരാധ്യാപകരുടെ കുറവുമൂലം കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ പടന്നക്കാട് കാര്‍ഷിക കോളജിലെ വിദ്യാര്‍ഥികള്‍ ദുരിതത്തില്‍. 21 ഡിപ്പാര്‍ട്‌മെന്റുകളിലായി 12 അധ്യാപകര്‍ മാത്രമാണ് നിലവിലുള്ളത്. 54 അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 1999 ലാണ് പടന്നക്കാട് കാര്‍ഷിക കോളജ് ആരംഭിച്ചത്. ആ വര്‍ഷം 34 പേരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നിയമിച്ചിരുന്നു. 2000 ത്തില്‍ 32 തസ്തികകള്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ 2007 ല്‍ 22 അധ്യാപകരെ നിയമിക്കാനുള്ള വിജ്ഞാപനമിറക്കിയെങ്കിലും 2009 ല്‍ 11 പേരെ മാത്രമാണ് നിയമിച്ചത്. ഐ.സി.എ.ആര്‍ നിബന്ധന പ്രകാരം ഓരോ ഡിപ്പാര്‍ട്‌മെന്റിലും ഒരു പ്രൊഫസര്‍, മൂന്ന് അസോസിയേറ്റ് പ്രൊഫസര്‍മാര്‍, ആറ് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ എന്നിങ്ങനെ ആവശ്യമാണ്. എന്നാല്‍ മിക്ക ഡിപ്പാര്‍ട്‌മെന്റുകളിലും ഒരു അധ്യാപകന്‍ മാത്രമാണുള്ളത്. നാല് അധ്യാപകര്‍ ആവശ്യമുള്ള അഗ്രി എക്കണോമിക്‌സില്‍ ഒരാള്‍ പോലും നിലവിലില്ലാത്തതിനാല്‍ ഇവിടെ ക്ലാസുകള്‍ നടക്കാത്ത സ്ഥിതിയാണ്. ഒരു അധ്യാപകര്‍ വീതമുള്ള അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍, അഗ്രി എക്സ്റ്റന്‍ഷന്‍, അഗ്രി എന്‍ജിനീയറിങ് എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. മാസങ്ങള്‍ക്കു മുന്‍പ് എട്ടുപേരെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്ന് ഇവിടേക്കു മാറ്റി നിയമിച്ചിരുന്നെങ്കിലും രണ്ടുപേര്‍ മാത്രമാണ് ചുമതലയേറ്റത്. രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍, ഒരു അസോസിയേറ്റ് പ്രൊഫസര്‍, അഞ്ച് പ്രൊഫസര്‍മാര്‍ എന്നിങ്ങനെയായിരുന്നു നിയമനം. അഗ്രി എക്സ്റ്റന്‍ഷന്‍, അഗ്രികള്‍ച്ചറല്‍ എക്കണോമിക്‌സ് എന്നീ ഡിപ്പാര്‍ട്‌മെന്റുകളിലേക്കാണ് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിച്ചത്. എസ്.ഡബ്ല്യു.ഇ ഡിപ്പാര്‍ട്‌മെന്റിലേക്കായിരുന്നു അസോസിയേറ്റ് പ്രൊഫസറുടെ നിയമനം.
അഗ്രോണമിയിലേക്ക് രണ്ടും, അഗ്രി എന്റമോളജി, സോയില്‍ സയന്‍സ്, പ്ലാന്റ് ബ്രീഡിങ് ആന്‍ഡ് ജനറ്റിക്‌സ് എന്നിവിടങ്ങളിലേക്ക് ഒന്നു വീതം പ്രൊഫസര്‍മാരേയുമാണ് നിയമിച്ചത്. എന്നാല്‍ അഗ്രി എക്സ്റ്റന്‍ഷനില്‍ ഒരു അസിസ്റ്റന്റ് പ്രൊഫസറും അഗ്രി എന്റമോളജിയില്‍ ഒരു പ്രൊഫസറുമാണ് ചുമതലയേറ്റവര്‍. ഒരു സെമസ്റ്റര്‍ കഴിഞ്ഞതോടെ ഇവരും സ്ഥലംമാറി പോയി.
സര്‍വകലാശാലയ്ക്കു കീഴില്‍ ഗവേഷണം നടത്തിയ അധ്യാപകരെ കാര്‍ഷിക കോളജുകളില്‍ നിയമിക്കുന്ന രീതിയുണ്ട്. എന്നാല്‍ ഇത്തരത്തില്‍ പോലും ഇവിടെ അധ്യാപകരെ നിയമിക്കുന്നില്ലെന്നാണ് ആക്ഷേപം. അതേസമയം നിലവില്‍ ഇവിടെ സീറ്റുവര്‍ധനവും നടപ്പാക്കിയിട്ടുണ്ട്. ബി.എസ്‌സി അഗ്രികള്‍ച്ചറിന്റെ വിവിധ ശാഖകളിലായാണ് സീറ്റ് വര്‍ധന. നേരത്തേ 54 സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. അതിപ്പോള്‍ നൂറായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അധ്യാപകര്‍ക്കു പുറമേ സീറ്റുവര്‍ധനയ്ക്കു അനുസരിച്ച് ലാബ് സൗകര്യവും ഇവിടെയില്ല.
ഹോസ്റ്റല്‍ സൗകര്യവും പരിമിതമാണ്. ഒരു വര്‍ഷം മുന്‍പ് കോളജില്‍ എത്തിയ കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സാക്ഷിനിര്‍ത്തി ഇവിടെ അധ്യാപകരെ നിയമിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ആ വാഗ്ദാനം ഇതുവരെയും നടപ്പാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."