ഉദുമ ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് കെട്ടിടനിര്‍മാണ സ്ഥലം മാറ്റാന്‍ നീക്കം
പെരിയ: ഉദുമ ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിനു സ്ഥിരം കെട്ടിടം സ്ഥാപിക്കുന്നതു മുന്‍ നിശ്ചയിച്ച സ്ഥലത്തു നിന്നു മാറ്റാന്‍ നീക്കം. കുണിയയിലെ ദേശീയ പാതയില്‍ നിന്നു നൂറു മീറ്റര്‍ അകലെയായി കോളജ് സ്ഥാപിക്കാനാണ് എം.എല്‍ എ ഉള്‍പ്പെടെയുള്ളവര്‍ രണ്ടു വര്‍ഷം മുമ്പ് തീരുമാനമെടുത്തിരുന്നത്. പ്രദേശത്തെ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നു കോളജ് നിര്‍മിക്കാനാവശ്യമായ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കാനും ഇതിനു പകരമായി പ്ലാന്റേഷന്‍ കോര്‍പറേഷനു ജില്ലയില്‍ മറ്റൊരിടത്ത് സ്ഥലം നല്‍കാനും തീരുമാനമുണ്ടായിരുന്നു. ഇതിനു ശേഷം കോളജ് രണ്ടു വര്‍ഷം മുമ്പ് കുണിയ ഗവ. ഹയര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തില്‍ താല്‍ക്കാലികമായി തുടങ്ങുകയും ചെയ്തു.
പള്ളിക്കര പഞ്ചായത്തില്‍ പനയാല്‍ വില്ലേജിലെ റീ സര്‍വേനമ്പര്‍ 196 ല്‍ പെടുന്ന സ്ഥലമാണ് കോളജ് കെട്ടിടം നിര്‍മിക്കാന്‍ അധികൃതര്‍ നിശ്ചയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ ഉദ്യോഗസ്ഥരും മറ്റും സ്ഥലം സന്ദര്‍ശിച്ചിരുന്നു.
ഉദുമ മണ്ഡലത്തില്‍ കോളജ് ആരംഭിക്കാന്‍ മൂന്നു വര്‍ഷം മുമ്പ് യു.ഡി.എഫ് സര്‍ക്കാര്‍ ഒരുങ്ങിയപ്പോള്‍ തന്നെ സ്ഥലത്തിന്റെ പേരില്‍ തര്‍ക്കങ്ങള്‍ ഉയര്‍ന്നിരുന്നു. പള്ളിക്കര പഞ്ചായത്തിലെ ബട്ടത്തൂര്‍, പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കാഞ്ഞിരടുക്കം എന്നീ സ്ഥലങ്ങളാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ഈ രണ്ടു സ്ഥലങ്ങളും കോളജ് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്ന കാര്യവും മറ്റും പരിഗണിച്ചതാണ് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയും എം.എല്‍.എയും കോളജ് ദേശീയ പാതക്കരികിലെ കുണിയയിലുള്ള സ്ഥലത്ത് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
തുടര്‍ന്നു നാട്ടുകാരും മറ്റും മുന്‍കൈയെടുത്ത് കുണിയ സ്‌കൂളില്‍ കോളജ് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നതിനു വേണ്ടി ലക്ഷങ്ങള്‍ പിരിച്ചു സൗകര്യങ്ങള്‍ ഒരുക്കികൊടുത്തു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ഇതേ സര്‍വേ നമ്പറില്‍ പെടുന്ന മറ്റൊരു ഭാഗത്തേക്കു കെട്ടിടം കൊണ്ടു പോകുന്ന നടപടികളാണു സ്വീകരിക്കുന്നത്.
പെരിയാട്ടടുക്കം കവലയില്‍ നിന്നു ബേക്കലിലേക്കു പോകുന്ന പാതയുടെ ഭാഗത്തായി പള്ളാരം കുന്നൂച്ചി ഭാഗത്തേക്കു കോളജിന്റെ സ്ഥിരം കെട്ടിടം സ്ഥാപിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്നലെ ഈ ഭാഗത്തു കോളജ് ഉദ്യോഗസ്ഥരും എം.എല്‍.എയും ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ചു ധാരണയായതായും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."